ഗതാഗതക്കുരുക്കിൽ വലഞ്ഞ് ഉപ്പള ടൗൺ
1491098
Monday, December 30, 2024 6:58 AM IST
ഉപ്പള: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്കിൽ വലഞ്ഞ് ഉപ്പള ടൗൺ. ആരിക്കാടി, ബന്തിയോട് ഭാഗങ്ങളിൽ നിന്ന് തുടങ്ങുന്ന ഗതാഗതക്കുരുക്ക് കിലോമീറ്ററുകൾ നീളുമ്പോൾ വാഹനങ്ങൾ ഉപ്പള ടൗൺ കടന്നുകിട്ടാൻ എടുക്കുന്ന സമയം ഒന്നര മണിക്കൂറിലേറെയാണ്.
ഇടയ്ക്കിടെ പോലീസ് ഇടപെട്ട് ഗതാഗത തടസം നീക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാഹനങ്ങളുടെ നീണ്ട നിരയ്ക്കുമുന്നിൽ നിസഹായരാകുന്നു. മംഗളൂരുവിലേക്കുള്ള ആംബുലൻസുകളുൾപ്പെടെ ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്നത് കടുത്ത ആശങ്കയാവുകയാണ്.
നേരത്തേ എ.കെ.എം. അഷ്റഫ് എംഎൽഎ പ്രശ്നത്തിൽ ഇടപെട്ട് ഉന്നതതലയോഗം വിളിച്ച് ചർച്ച നടത്തിയിരുന്നു. എന്നാൽ അതുകൊണ്ടും പ്രശ്നത്തിന് പരിഹാരമായില്ല.
ദേശീയപാതയിൽ പണി നടക്കുമ്പോൾ ഗതാഗത ക്രമീകരണത്തിന് ഗൗരവമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ഇനിയും കുരുക്ക് നീളുമെന്നാണ് നാട്ടുകാരുടെ ആശങ്ക.