ഒറ്റയടിപ്പാത പോലെ ഒരു സർവീസ് റോഡ്
1491569
Wednesday, January 1, 2025 5:30 AM IST
കുമ്പള: ഒറ്റവരി വാഹനഗതാഗതമെങ്കിലും സാധിക്കുന്ന രീതിയിലാണ് ദേശീയപാതയുടെ സർവീസ് റോഡുകൾ നിർമിക്കുന്നതെന്നാണ് പൊതുവേയുള്ള സങ്കല്പം. പക്ഷേ ഷിറിയയ്ക്കു സമീപം ഒളയം റോഡിൽ നിർമിച്ചിരിക്കുന്ന സർവീസ് റോഡ് കണ്ടാൽ പഴയകാലത്ത് കാൽനടയാത്രക്കാർ ഉപയോഗിച്ചിരുന്ന ഒറ്റയടിപ്പാതകൾ പോലെയാണ്.
ടാറിട്ട ഭാഗത്തിന്റെ വീതി പരമാവധി നാലടി മാത്രം. ഓട്ടോറിക്ഷയ്ക്കുപോലും കടന്നുപോകണമെങ്കിൽ തൊട്ടടുത്ത ഓവുചാലിന്റെ സ്ലാബിനു മുകളിലേക്ക് കയറണം.
നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന ഒളയം പ്രദേശത്തേക്ക് പോകണമെങ്കിൽ ഇനി ഈ റോഡ് മാത്രമാണ് ആശ്രയം. ഇവിടെ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഏറെ നാളായി സമരത്തിലായിരുന്നു.
ആ ആവശ്യത്തോട് മുഖംതിരിച്ചതിനു പിന്നാലെയാണ് ഇത്രയും ഇടുങ്ങിയ സർവീസ് റോഡ് കൂടി നിർമിച്ചത്. പുതിയ ദേശീയപാത തുറന്നുകൊടുക്കുന്നതോടെ ഇനി ഇവിടെ ഗതാഗതക്കുരുക്കൊഴിഞ്ഞ നേരമുണ്ടാവില്ലെന്ന് വ്യക്തം.
മുകളിൽ ആറുവരിപ്പാതയിലൂടെ ദീർഘദൂര വാഹനങ്ങൾ ചീറിപ്പായുന്നതുംകണ്ട് താഴെ സർവീസ് റോഡിൽ കുരുങ്ങിക്കിടക്കാനാകും നാട്ടുകാരുടെ യോഗം.