തുടക്കം മുതല്‍ ഉടക്ക്; ഒടുവില്‍ സര്‍ക്കാരിനേറ്റത് വലിയ തിരിച്ചടി
1490825
Sunday, December 29, 2024 6:23 AM IST
കാസര്‍ഗോഡ്: കല്യോട്ട് ഇരട്ടക്കൊലപാതക കേസില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ ചരിത്രത്തില്‍ തന്നെ നടത്തിയ ഏറ്റവും വലിയ നിയമപോരാട്ടം വിജയം കണ്ടപ്പോള്‍ ഇടതുസര്ക്കാരിനേറ്റത് കനത്ത തിരിച്ചടി. അന്വേഷണം അട്ടിമറിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടക്കം മുതലേ ഉണ്ടായത്.
സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നും സിബിഐ അന്വേഷണം നടത്തണമെന്നുമുള്ള കുടുംബാംഗങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആവശ്യത്തിന് തെല്ലും വിലകല്പിക്കാതെ സർക്കാര്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിനെ ഏല്പിച്ചു. അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നുവെന്ന് കണ്ടപ്പോള്‍ ഉദ്യോഗസ്ഥരെയും അന്വേഷണസംഘത്തെയും പലവട്ടം സര്‍ക്കാര്‍ മാറ്റിക്കൊണ്ടിരുന്നു.
സിപിഎം പ്രവര്‍ത്തകരെ സാക്ഷിപട്ടികയില്‍ കുത്തിനിറച്ചുള്ള ക്രൈംബ്രാഞ്ച് കുറ്റപത്രം പ്രതികളെ രക്ഷിക്കാന്‍ വേണ്ടി തയാറാക്കിയതാണെന്നും കേസില്‍ സിബിഐ അന്വേഷണം വേണമെന്നുമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം സിബിഐക്ക് വിട്ട് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ നല്കി. എന്നാല്‍ ഒമ്പതുമാസം കഴിഞ്ഞിട്ടും വിധി പറയാത്ത സാഹചര്യത്തില്‍ 2020 ഓഗസ്റ്റ് 24നു രാജ്മോഹന്‍ ഉണ്ണിത്താന് എംപി ശരത് ലാല്‍- കൃപേഷ് സ്മൃതിമണ്ഡപത്തില്‍ നിരാഹാരസമരം ആരംഭിച്ചു. പിറ്റേന്ന് ഡിവിഷന് ബെഞ്ച് സര്‍ക്കാര്‍ അപ്പീല്‍ തള്ളിയതിനെതുടര്‍ന്നാണ് എംപി നിരാഹാരം അവസാനിപ്പിച്ചത്.
എന്നാല്‍ സിബിഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതി തള്ളി. സിബിഐ അന്വേഷണത്തിനെതിരെയുള്ള നിയമപോരാട്ടത്തിനായി മൂന്നുകോടിയോളം രൂപയാണ് സര്‍ക്കാര്‍ പൊതുഖജനാവില്‍നിന്നു ചെലവഴിച്ചത്. വന്‍ തുക പ്രതിഫലം പറ്റുന്ന അഭിഭാഷകരായ രഞ്ജിത് കുമാര്‍, മനീന്ദര്‍ സിംഗ്, പ്രഭാസ് ബജാജ് എന്നിവരാണ് പല ഘട്ടങ്ങളിലായി സര്‍ക്കാരിനു വേണ്ടി വാദിക്കാന്‍ കോടതികളില്‍ എത്തി. ഇരകള്‍ക്ക് നീതി നിഷേധിക്കാന്‍ വേണ്ടി മാത്രം ട്രഷറി നിയന്ത്രണം നിലനില്‍ക്കുന്ന കാലത്തും കോടികള്‍ പൊടിച്ച സര്‍ക്കാരിന്റെ നടപടി ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു.
കൂടാതെ കേസ് ഡയറി സിബിഐക്ക് കൈമാറാന്‍ കൂട്ടാക്കാതിരുന്ന ക്രൈംബ്രാഞ്ചിന്റെ നടപടിയും ഏറെ വിവാദമായിരുന്നു. എട്ടുതവണ ചോദിച്ചിട്ടും കേസ് ഡയറി വിട്ടുകൊടുക്കാന്‍ ക്രൈംബ്രാഞ്ച് തയാറായില്ല. ഫയലുകള്‍ കൈമാറുന്നതിന് ഉന്നത ഉദ്യോഗസ്ഥരില്‍നിന്നും അനുമതി തേടിയിരിക്കുകയാണെന്നും ഫയലുകൾ ഇല്ലെങ്കിലും സിബിഐയ്ക്ക് അന്വേഷണം തുടങ്ങാനാകുമെന്നുമൊക്കെയായിരുന്നു ക്രൈംബ്രാഞ്ചിന്റെ ന്യായീകരണം. ഇതേത്തുടര്‍ന്ന് സിആര്‍പിസി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സിബിഐ നോട്ടീസ് നല്‍കിയിരുന്നു. ഇത്തരത്തില്‍ ഒരു നടപടി സംസ്ഥാനത്ത് അപൂര്‍വമായിരുന്നു. ഒടുവില്‍ സുപ്രീം കോടതി കേസ് സിബിഐക്ക് കൈമാറിക്കൊണ്ടുള്ള അന്തിമതീര്‍പ്പ് വന്നതോടെയാണ് കേസ് ഡയറി കൈമാറിയത്.