നീന്തല്‍ക്കുളം കുളമാക്കി
1491105
Monday, December 30, 2024 6:58 AM IST
കാസര്‍ഗോഡ്: നിര്‍മാണത്തിലെയും പരിപാലനത്തിലെയും അപാകത മൂലം വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു സമീപം നിര്‍മിച്ച സെമി ഒളിമ്പിക്സ് നീന്തല്‍ക്കുളം ഉദ്ഘാടനം നടത്തി ഒരുവര്‍ഷം പൂര്‍ത്തിയാകും മുമ്പേ അടച്ചു.
മുങ്ങിമരണങ്ങള്‍ തുടര്‍ക്കഥയാകുന്ന കാലത്ത് നീന്തല്‍ പഠിക്കാന്‍ മതിയായ സൗകര്യങ്ങളില്ലാത്ത കാസര്‍ഗോട്ട് ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ഈ നീന്തല്‍ക്കുളം ഏറെ പ്രതീക്ഷയോടെയാണ് ജില്ല നോക്കിക്കണ്ടത്. പ്രതിരോധവകുപ്പിനു കീഴിലുള്ള പൊതുമേഖല നവരത്ന സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും 1.50 കോടി രൂപ ചെലവിലാണ് നീന്തല്‍ക്കുളം നിര്‍മിച്ചത്. 25 മീറ്റര്‍ നീളവും 1.25 മീറ്റര്‍ വീതിയും ഒന്നു മുതല്‍ ഒന്നരമീറ്റര്‍ വരെ താഴ്ചയുണ്ട്. താഴെ ഭാഗത്തായി വെള്ളം ശുദ്ധീകരിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നു.
എന്നാല്‍ അധികം വൈകും മുമ്പേ ഇതിന്റെ പ്രവര്‍ത്തനം താളംതെറ്റി. കുളത്തിലെ വെള്ളം ശുദ്ധീകരിക്കാനായുള്ള നാലു മോട്ടോറുകളും കത്തിനശിച്ചു. കുളത്തിലിറങ്ങുന്നതിനു മുമ്പ് കുളിക്കാന്‍ ഒരുക്കിയ ഷവറിന്റെ ടാപ്പുകളില്‍ നിന്ന് കുട്ടികള്‍ക്ക് ഷോക്കേറ്റ സംഭവമുണ്ടായി. എര്‍ത്തിന്റെ പോരായ്മയെതുടര്ന്ന് സമീപവീടുകളിലെ വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു. കുളം നിര്‍മാണത്തിലെ പോരായ്മയാണ് ഇതിനിടയാക്കിയതെന്ന് ചൂണ്ടിക്കാട്ടി പരിപാലന ചുമതല വഹിക്കുന്ന അക്വാട്ടിക് അസോസിയേഷന് സെക്രട്ടറി എം.ടി.പി. അഷ്റഫ് സ്പോര്‍ട്സ് കൗണ്‍സിലിന് രേഖാമൂലം പരാതി നല്കി.
കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ വയറിംഗ് സംവിധാനത്തില്‍ അപാകത കണ്ടെത്തിയിരുന്നു. ഇതു പരിഹരിക്കാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് രണ്ടാഴ്ച മുമ്പ് അറ്റകുറ്റപ്പണികള്‍ക്കായി നീന്തല്‍ക്കുളം അടച്ചിട്ടത്.
സംസ്ഥാനതല നീന്തല്‍മത്സരങ്ങള്‍ വരെ നടത്താന്‍ അനുയോജ്യമായ രീതിയിലാണ് കുളം നിര്‍മിച്ചതെന്നാണ് അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. പരിപാലനത്തിലെ പോരായ്മയാണ് മോട്ടോറുകള്‍ കത്തിനശിക്കാന്‍ കാരണമായതെന്ന് സ്പൈസ് ഗ്രൂപ്പ് മാനേജിംഗ് പാര്‍ട്ണര്‍ ദാവൂദ് പറഞ്ഞു.
അറ്റകുറ്റപ്പണി നടത്തി നീന്തല്‍ക്കുളം ഉടന്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്മാന് പറഞ്ഞു.
പ്രവര്‍ത്തനത്തില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ഇ-ടെന്‍ഡര്‍ വഴി നടത്തിപ്പുചുമതല കൈമാറും. ജില്ലയില്‍ രൂപീകരിച്ച സ്വിമ്മിംഗ് അക്കാഡമിക്ക് സ്പോർട്സ് കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കുന്നതോടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നീന്തല്‍ക്കുളം നിര്‍മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. എച്ച്എഎല്ലിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ച നീന്തല്‍ക്കുളത്തില്‍ കുട്ടികളില്‍ നിന്നും വന്‍തുക ഫീസിനത്തില്‍ വാങ്ങുന്നത് നീതികരിക്കാനാവില്ലെന്നും അവര്‍ക്ക് സൗജന്യമായി നീന്തല്‍പരിശീലനം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.