പയ്യന്നൂർ സിപിഎമ്മില്‍ വിഭാഗീയത ശക്തം; നടപടി നേരിടുന്നവര്‍ക്ക് പ്രമോഷന്!
1454827
Saturday, September 21, 2024 2:04 AM IST
കണ്ണൂര്‍: സിപിഎം അച്ചടക്ക നടപടിയും സസ്പെന്‍ഷനും നല്‍കിയവര്‍ക്ക് ബ്രാഞ്ച് സെക്രട്ടറിമാരായി പ്രമോഷന്. കുഴപ്പക്കാരനായതിനാല്‍ താക്കീതും ശാസനയും നല്കിയ ഡിവൈഎഫ്ഐ നേതാവിനും സാമ്പത്തിക ക്രമക്കേടിനു സസ്പെൻഡു ചെയ്യപ്പെട്ട നേതാവിനും ബ്രാഞ്ച് സെക്രട്ടറിമാരായി പ്രമോഷന് നല്‍കിയത് അണികള്‍ക്ക് എന്തു സന്ദേശമാണു നല്‍കുന്നതെന്ന ചര്‍ച്ചകളാണു ബ്രാഞ്ച് സമ്മേളനങ്ങളിലിടം പിടിക്കുന്നത്.
കാരയില്‍ പുതുവല്‍സരാഘോഷത്തിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ഒരുമാസം മുമ്പ് പാര്‍ട്ടി താക്കീത് ചെയ്ത ആളാണ് ബ്രാഞ്ച് സെക്രട്ടറിയായത്. കാരപ്രദേശത്തെ പ്രവര്‍ത്തകര്‍ തങ്ങളുടെ പ്രദേശത്തുണ്ടാക്കിയ ആക്രമണത്തിനു പിന്നിലുള്ളവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയതിനു പിന്നാലെ മൂന്നു ദിവസം മുമ്പ് ജില്ലാ സെക്രട്ടേറിയറ്റംഗം എം. പ്രകാശന്റെ സാന്നിധ്യത്തില്‍ പയ്യന്നൂരില്‍ ചര്‍ച്ച നടന്നിരുന്നു.
ഈ യോഗത്തിലും ഇയാളെ ഡിവൈഎഫ്ഐ നേതാവെന്ന നിലയില്‍ ശാസിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നിട്ടും അങ്ങനെയുള്ള പയ്യന്നൂര്‍ നോര്‍ത്ത് മേഖലാ ഡിവൈഎഫ്ഐ ജോയിന്റ് സെക്രട്ടറിയെയാണ് സിപിഎം ഇടക്കോല്‍ ബ്രാഞ്ചിന്റെ പുതിയ സെക്രട്ടറിയാക്കിയത്.
പുതുവല്‍സരാഘോഷ ദിവസം കുഴപ്പമുണ്ടാക്കിയവര്ക്കെതിരെ ശക്തമായ നടപടി വേണമെന്ന ഉറച്ച നിലപാടില്‍ സിപിഎം പയ്യന്നൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ വരുന്ന കാരയിലെ മൂന്ന് ബ്രാഞ്ചുകള്‍ പാര്‍ട്ടി പരിപാടികളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു.
വേണ്ടി വന്നാല്‍ പാര്‍ട്ടിയോട് വിട പറയാന്‍ വരെ ഇവര്‍ തയാറായി നില്ക്കുമ്പോള് കുഴപ്പമുണ്ടാക്കാന്‍ നേതൃത്വം നല്കിയ ആളെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത് പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാകാന്‍ കാരണമാകുമെന്നാണു സൂചന. ഇന്നും നാളെയുമായി നടക്കുന്ന കാര വെസ്റ്റ്, നോര്‍ത്ത്, സൗത്ത് ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകുമെന്നുറപ്പായിട്ടുണ്ട്. പയ്യന്നൂരില്‍ തന്നെ പാര്‍ട്ടി നടപടിയെടുത്ത രണ്ടാമത്തെ ആളെയാണ് ബ്രാഞ്ച് സെക്രട്ടറിയാക്കുന്നതെന്നും ഇയാള്‍ക്ക് സഹകരണ ബാങ്കില്‍ ജോലി നല്‍കാനുള്ള തീരുമാനവും പാര്‍ട്ടി നേരത്തേ തന്നെ എടുത്തിരുന്നുവെന്നുമറിയുന്നു.
സാമ്പത്തിക ക്രമക്കേട് നടത്തിയെന്നതിന് പാര്‍ട്ടി നടപടി നേരിടുകയും പാര്‍ട്ടി നിയന്ത്രണത്തിലുള്ള പാല് സൊസൈറ്റിയിലെ ജോലിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തയാളെയാണ് പയ്യന്നൂരിനടുത്ത മറ്റൊരു ബ്രാഞ്ചിന്റെ സെക്രട്ടറിയാക്കിയത്. സാമ്പത്തിക ക്രമക്കേടുകളും ആക്രമണവും നടത്തുന്നതാണ് ഭാരവാഹിത്വത്തിനുള്ള യോഗ്യതയെന്ന തെറ്റായ സന്ദേശമാണ് ഇതെല്ലാം നല്‍കുന്നതെന്നും ഇതിന്റെയെല്ലാം പിന്നില്‍ കുറെനാളുകളായി നിയന്ത്രണങ്ങള്‍ മറികടന്നുള്ള ശക്തമായ വിഭാഗീയതയാണെന്നും ചര്‍ച്ചകളുയരുന്നു.
സിപിഎമ്മിന്റെ ചട്ടക്കൂടുകള്‍ ഇഷ്ടക്കാര്‍ക്കായി ബലികഴിക്കാന്‍ ചില നേതാക്കള്‍ കൂട്ടുനില്‍ക്കുന്നതായും തനിക്കുശേഷം പ്രളയമെന്നരീതിയില് കഴിവുള്ളവരുടെ വളര്‍ച്ചക്ക് തടയിട്ട് പാര്‍ട്ടിയെ നശിപ്പിക്കുകയാണെന്ന ചര്ച്ചകളുമുയരുന്നു.