ചിയോതിക്കാവിന്റെ കഥാകാരന്
1454826
Saturday, September 21, 2024 2:04 AM IST
ഷൈബിന് ജോസഫ്
കാഞ്ഞങ്ങാട്: ഒരാഴ്ച കൊണ്ട് 50 കോടി കളക്ഷന്‍ പിന്നിട്ട് എആര്‍എം (അജയന്റെ രണ്ടാം മോഷണം) ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ചീയോതിക്കാവ് എന്ന സാങ്കല്പികദേശത്തെയും അജയനെയും മണിയനെയും കുഞ്ഞിക്കേളുവിനെയും മാണിക്യത്തെയുമെല്ലാം സിനിമാപ്രേമികള്‍ നെഞ്ചിലേറ്റിക്കഴിഞ്ഞു. വടക്കന്‍ കേരളത്തിന്റെ ചരിത്രവും മിത്തും സാമൂഹ്യസാഹചര്യങ്ങളുമെല്ലാം ഒരു കൊമേഴ്സ്യല്‍ എന്റര്ടെയ്നര് സിനിമയിലേക്ക് ഭംഗിയായി വിളക്കിച്ചേര്‍ത്ത ശക്തമായ തിരക്കഥ തന്നെയാണ് എആര്‍എമ്മിന്റെ നട്ടെല്ല് എന്നു നിസംശയം പറയാം.
നീലേശ്വരം ചിറപ്പുറം സ്വദേശിയും മടിക്കൈ പഞ്ചായത്ത് സീനിയര്‍ ക്ലാര്‍ക്കുമായ സുജിത് നമ്പ്യാര്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. നമ്മുടെ നാടോടിക്കഥകളുടെയും മിത്തുകളുടെയും സാധ്യതകള്‍ മലയാളസിനിമയിലെ വലിയ തിരക്കഥാകൃത്തുക്കള്‍ പോലും വേണ്ടവിധം പ്രയോജനപ്പെടുത്തിയിട്ടില്ല. തന്റെ ആദ്യ സിനിമയില്‍ തന്നെ ഈ മേഖല ധൈര്യപൂര്‍വം തെരഞ്ഞെടുക്കുകയും അതില്‍ വിജയിക്കുകയും ചെയ്തുവെന്നത് സുജിത്തിന്റെ മികവിനെ അടയാളപ്പെടുത്തുന്നു.
തെയ്യക്കാവുകളില്‍ നിന്ന്
കിട്ടിയ കഥ
നീലേശ്വരത്തെ സി ക്ലാസ് തിയേറ്ററുകളില്‍ വരുന്ന സിനിമകളും തെയ്യങ്ങളുമായിരുന്നു പഠനകാലത്തെ പ്രധാന വിനോദങ്ങള്‍. തെയ്യക്കാവുകളില്‍ പതിവുകാരായ മുതിര്‍ന്നവര്‍ നല്ല രസകരമായ കഥകള്‍ പറഞ്ഞുതരും. ഈ കഥകള്‍ പണ്ടേ മനസിലുണ്ടായിരുന്നു. കോളജ് പഠനം കഴിഞ്ഞ് ചെറുകഥകള്‍ എഴുതിത്തുടങ്ങി. ചിലതൊക്കെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചുവന്നു. ഏതാനും നാടകങ്ങള്‍ എഴുതി. എഴുത്തുകാരായ സന്തോഷ് ഏച്ചിക്കാനം, കെ.വി.പ്രവീണ്‍ എന്നിവരുമായി സഹോദരതുല്യമായ ബന്ധമുണ്ടായിരുന്നു. എഴുത്ത് സംബന്ധിച്ച കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ അവര്‍ നല്കി. എന്റെ കഥകള്‍ സിനിമാറ്റിക് സ്വഭാവമുള്ളതാണെന്നും സിനിമാരൂപം ലഭിച്ചാലാണ് കഥകള്‍ക്ക് ജീവന് ലഭിക്കുകയെന്നും അവര്‍ പറഞ്ഞു. അങ്ങനെയാണ് തിരക്കഥാരചനയിലേക്ക് കടക്കുന്നത്.
സിനിമ എൻട്രി
എല്ലാവിഭാഗം ജനങ്ങള്‍ക്കും തിയേറ്ററില്‍ പോയി ആസ്വദിച്ച് കാണാന്‍ കഴിയുന്ന സിനിമ. അതായിരുന്നു സ്വപ്നം. മഗധീര, തുംബാഡ് എന്നീ ഫാന്റസി സിനിമകള്‍ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ബോളിവുഡിലും തെലുങ്കിലുമൊക്കെ കിട്ടുന്ന ബജറ്റ് ഒരിക്കലും ഇവിടെ കിട്ടില്ല. പക്ഷേ നമുക്ക് പരിചിതമായ ചുറ്റുപാടില്‍നിന്നും ഫാന്റസി എലമെന്റുള്ള കണ്ടന്റുകള്‍ എന്തുകൊണ്ട് ചെയ്തുകൂടാ എന്ന ചിന്തയാണ് എആര്എമ്മിലേക്കെത്തിച്ചത്. 2015ല്‍ ആദ്യ ഡ്രാഫ്റ്റ് എഴുതിപൂര്‍ത്തിയാക്കി. എന്നു നിന്റെ മൊയ്തീന് എന്ന സിനിമയുടെ അസി.ഡയറക്ടറായിരുന്ന നീലേശ്വരം സ്വദേശി ശ്രീജിത് ബാലഗോപാല്‍ എന്റെ കഥാചര്ച്ചകളില് പങ്കാളിയായിരുന്നു.
ഈ ചിത്രത്തിന്റെ മറ്റൊരു അസി.ഡയറക്ടറായിരുന്ന ജിതിന് ലാല്‍ തന്റെ ആദ്യ ചിത്രത്തിനുവേണ്ടി കഥ അന്വേഷിച്ചുനടക്കുകയായിരുന്നു. ആ സമയത്താണ് എന്റെ കഥയെക്കുറിച്ച് ശ്രീജിത് ജിതിനോട് പറയുന്നത്. കഥ കേട്ട് ആവേശത്തിലായ ജിതിന് ഇതുതന്നെയാണ് തന്റെ ആദ്യസിനിമയെന്നുറപ്പിച്ചു.
ടൊവിനോയുടെ സംശയം
ചിത്രത്തിലെ മൂന്നു പ്രധാന കഥാപാത്രങ്ങള്‍ക്കും ടൊവിനോ തോമസ് അല്ലാതെ മറ്റൊരു ഓപ്ഷന് ജിതിനും സുജിത്തിനും ഉണ്ടായിരുന്നില്ല. അന്നു ടൊവിനോയ്ക്ക് ഇന്നത്തെ താരപദവിയൊന്നും ഉണ്ടായിരുന്നില്ല. ഗോദ എന്ന സിനിമ അന്ന് ഇറങ്ങാനിക്കുന്നതേയുണ്ടായിരുന്നുള്ളു. കഥ കേട്ടപ്പോള്‍ ടൊവിനോ ഞെട്ടി. ഇതൊരു വലിയ സിനിമയാണ്. മൂന്നു കഥാപാത്രങ്ങളെ ചെയ്യുക എന്നു പറഞ്ഞാല്‍ വലിയ റിസ്ക്കാണ്. കുറേക്കൂടി വലിയ താരങ്ങളെ സമീപിച്ചുകൂടെയെന്ന് ടൊവിനോ ചോദിച്ചു. എന്നാല്‍ ഈ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതു ടൊവിനോ മാത്രമായിരിക്കുമെന്നായിരുന്നു ഇരുവരുടെയും മറുപടി. ഒടുവില്‍ ടൊവിനോ സമ്മതിച്ചു.
പ്രതിസന്ധികള്‍ക്കൊടുവില്‍ സ്വപ്നസാക്ഷാത്കാരം
നിരവധി തവണ ചിത്രത്തിന്റെ തിരക്കഥയില്‍ തിരുത്തലുകള്‍ വരുത്തി. 21-ാമത്തെ ഡ്രാഫ്റ്റാണ് ഷൂട്ട് ചെയ്തത്. കോവിഡ് ഉള്‍പ്പെടെ നിരവധി വെല്ലുവിളികള്‍ സിനിമ നേരിടേണ്ടിവന്നു. വലിയ മുതല്‍മുടക്ക് വേണ്ടിവരുമെന്നതും പ്രശ്നമായിരുന്നു.
ഇതിനിടെ സുജിത് മറ്റൊരു സംവിധായകനുവേണ്ടി തിരക്കഥയൊരുക്കിയെങ്കിലും ആ സിനിമയും നടന്നില്ല. എന്നാല്‍ നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍ കൂടി മുന്നോട്ടുവന്നതോടെ ഒമ്പതുവര്‍ഷമായി സുജിത്തും ജിതിനും കൊണ്ടുനടന്ന സ്വപ്നം യാഥാര്‍ഥ്യമാകുകയായിരുന്നു. നിലവില്‍ നാലു സിനിമകളുടെ പണിപ്പുരയിലാണ് സുജിത്. ഇതില്‍ ഒരെണ്ണം ജിതിന്‍ലാലിന്റെ തന്നെ സിനിമയണ്.
കുടുംബം
കോഴിക്കോട് ഗവ.ഐടിഐ ഹെഡ് ക്ലാര്‍ക്ക് ആതിരയാണ് ഭാര്യ. മിലന്, അര്ജുന് എന്നിവര്‍ മക്കളാണ്.