ഡിജിറ്റല്‍ റീസര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കും: റവന്യുമന്ത്രി
1454825
Saturday, September 21, 2024 2:04 AM IST
തൃക്കരിപ്പൂര്‍: ഡിജിറ്റല്‍ റീസര്‍വേ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് റവന്യുമന്ത്രി കെ. രാജന്. തെക്കേ തൃക്കരിപ്പൂര്‍ വില്ലേജിന്റെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ 4,58,250 ഹെക്ടര്‍ ഭൂമി ഇതിനോടകം ഡിജിറ്റല്‍ സര്‍വേയുടെ ഭാഗമായി.
നാലുവര്‍ഷം കൊണ്ട് കേരളത്തെ പൂര്‍ണമായും അളക്കുന്നതിന്റെ ലക്ഷ്യത്തോടെയാണ് ഡിജിറ്റല്‍ റീസര്‍വേ നടത്തുന്നത്. രജിസ്ട്രേഷന്, സര്‍വേ, റവന്യു വകുപ്പുകളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളുടെ സമന്വയത്തോടെ രാജ്യത്ത് ആദ്യമായി കേരളം ഇന്റഗ്രേറ്റഡ് പോര്‍ട്ടലുമായി മുന്നോട്ട് പോവുകയാണെന്നും മന്ത്രി പറഞ്ഞു.
എം. രാജഗോപാലന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയായി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം. മനു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം. സൗദ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ പി. അനില്‍കുമാര്‍, എം.പി. വിജീഷ്, രജീഷ് ബാബു, പി.വി. അബ്ദുല്ലഹാജി, ടി.വി. ഷിബിന്‍, രതീഷ് പുതിയപുരയില്‍, സി. ബാലന്, ടി.വി .വിജയന്, സുരേഷ് പുതിയടത്ത്, വി.വി. വിജയന്, എ.ജി. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ ടി. ജയപ്രസാദ് നന്ദിയും പറഞ്ഞു.