പകരം ആളില്ലാതെ ജില്ലയിൽനിന്ന് മൂന്നു ഡോക്ടർമാർക്കു കൂടി സ്ഥലംമാറ്റം
1454824
Saturday, September 21, 2024 2:04 AM IST
കാസർഗോഡ്: ഡോക്ടർമാരുടെ ക്ഷാമം മൂലം ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ മുടങ്ങുന്ന സാഹചര്യം ഇനിയും ആരോഗ്യവകുപ്പ് അറിഞ്ഞമട്ടില്ല. പകരം ആളിനെ നിയമിക്കാതെ ജില്ലയിൽ നിന്ന് മൂന്ന് ഡോക്ടർമാർക്കു കൂടി സ്ഥലംമാറ്റം അനുവദിച്ചുകൊണ്ട് കഴിഞ്ഞദിവസം ആരോഗ്യവകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങി.
കാസർഗോഡ് ജനറൽ ആശുപത്രി അത്യാഹിതവിഭാഗത്തിലെ മെഡിക്കൽ ഓഫീസർ ഡോ.ഡി. ദൃശ്യയെ കണ്ണൂർ ജില്ലയിലെ ചിറക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും അസി. സർജൻ ഡോ. നിഷ ജി. നായരെ തിരുവനന്തപുരം ജില്ലയിലെ കുന്നാത്തുകൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും കുംബഡാജെ കുടുംബാരോഗ്യകേന്ദ്രത്തിൽ ഏക ഡോക്ടറായിരുന്ന ഡോ.എസ്. നിരഞ്ജനയെ ഇടുക്കി ജില്ലയിലെ മരിയാപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുമാണ് സ്ഥലംമാറ്റിയത്.
കുംബഡാജെ കുടുംബാരോഗ്യകേന്ദ്രത്തിലെ മറ്റൊരു ഡോക്ടറെ നേരത്തേ സ്ഥലംമാറ്റിയപ്പോഴും പകരം ആളിനെ അനുവദിച്ചിരുന്നില്ല. ബാക്കിയുണ്ടായിരുന്ന ഡോക്ടറെ കൂടി സ്ഥലംമാറ്റിയതോടെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം തന്നെ നിലയ്ക്കുന്ന അവസ്ഥയായി. അടിസ്ഥാനസൗകര്യങ്ങൾ പൊതുവേ കുറവായ ഉൾപ്രദേശമായതിനാൽ ഇവിടേക്ക് വരാൻ താത്പര്യം പ്രകടിപ്പിക്കുന്ന ഡോക്ടർമാർ കുറവാണ്. താത്കാലിക നിയമനത്തിനു പോലും ആളെ കിട്ടാത്ത അവസ്ഥയാണ്. എൻഡോസൾഫാൻ ദുരിതബാധിതരടക്കമുള്ള രോഗികൾക്ക് ഇനി കിലോമീറ്ററുകൾ താണ്ടി ബദിയടുക്കയിലേക്കോ ഉക്കിനടുക്കയിൽ നാമമാത്രമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോളജിലേക്കോ പോകേണ്ടിവരും.
കാസർഗോഡ് ജില്ലയിൽ നിയമനം നേടുന്ന ഡോക്ടർമാർക്ക് രണ്ടുവർഷമെങ്കിലും ഇവിടെ സേവനമനുഷ്ഠിച്ചതിനു ശേഷം മാത്രമേ സ്ഥലംമാറ്റം അനുവദിക്കുകയുള്ളൂവെന്ന് നേരത്തേ ആരോഗ്യമന്ത്രി തന്നെ പ്രഖ്യാപിച്ചതും പാഴ് വാക്കായി. ഇപ്പോൾ സ്ഥലംമാറ്റം ലഭിച്ച മൂന്നുപേരും നിയമനം ലഭിച്ച് മാസങ്ങൾ മാത്രം പിന്നിട്ടവരാണ്.
എംബിബിഎസ് പൂർത്തിയാക്കിയ ഉടൻ പിഎസ്സി നിയമനം ലഭിച്ച് ജില്ലയിൽ ജോലിയിൽ പ്രവേശിക്കുന്ന ഡോക്ടർമാരിൽ മിക്കവരും അധികം താമസിയാതെ അവധിയെടുത്ത് സർക്കാർ ക്വാട്ടയിൽ പിജി പഠനത്തിന് ചേരുന്നതും പതിവാണ്. പിജി പഠനം പൂർത്തിയാക്കി തിരിച്ചെത്തുമ്പോഴേക്കും ജില്ലയിലെ രണ്ടുവർഷത്തെ സേവനകാലാവധി തീരുമെന്നതിനാൽ ഉടൻതന്നെ സ്ഥലംമാറ്റം വാങ്ങി മറ്റു ജില്ലകളിലേക്കും നഗരമേഖലകളിലേക്കും പോവുകയും ചെയ്യും. ഇങ്ങനെ പഠനാവധിയിൽ പോകുന്നവരുടെ സ്ഥാനത്ത് മിക്കപ്പോഴും താത്കാലിക നിയമനങ്ങൾ പോലും നടക്കാറില്ല.