റെയിൽവേ ഗേറ്റിനടുത്ത് അപകടഭീഷണി; മരങ്ങൾ മുറിച്ചുമാറ്റി
1454821
Saturday, September 21, 2024 2:04 AM IST
തൃക്കരിപ്പൂർ: ടൗണിലെ വെള്ളാപ്പ് റോഡ് റെയിൽവേ ഗേറ്റിന് ഇരുവശത്തുമായി വാഹനങ്ങൾക്കും യാത്രക്കാർക്കും നാളുകളായി ഭീഷണി ഉയർത്തിയിരുന്ന മരക്കൊമ്പുകൾ അധികൃതർ മുറിച്ചു നീക്കി. ഗേറ്റ് അടക്കുന്ന വേളയിൽ ടൗൺ ഭാഗത്തും നീലമ്പം ഭാഗത്തുമുള്ള സമീപന റോഡുകൾക്ക് മുകളിൽ തൂങ്ങി നില്ക്കുന്ന മരങ്ങളാണ് അഞ്ചു മണിക്കൂർ കൊണ്ട് മുറിച്ചു മാറ്റിയത്.
വനം വകുപ്പിന് നാട്ടുകാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പ് റോഡ്, ബീരിച്ചേരി റെയിൽവേ ഗേറ്റുകൾക്ക് സമീപത്ത് ഭീഷണിയായി നില്ക്കുന്ന മരക്കൊമ്പുകൾ മുറിച്ച് നീക്കാൻ അധികൃതർ തയാറായത്.
വെള്ളാപ്പ് റോഡിൽ വ്യാപാര ഭവന് സമീപം ആൽമരക്കൊമ്പുകളും ഗേറ്റിന് പടിഞ്ഞാറ് നീലമ്പം ഭാഗത്ത് കൂറ്റൻ മഴ മരങ്ങളുടെ കൊമ്പുകളുമാണ് മുറിച്ചത്.
രണ്ട് ഭാഗങ്ങളിലും മര കൊമ്പുകൾ പല തവണ വാഹനങ്ങൾക്ക് മുകളിലേക്ക് ഒടിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. ഇന്നലെ രാവിലെ പത്ത് മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെ റെയിൽവേ ഗേറ്റ് അടച്ചിട്ടാണ് മരക്കൊമ്പുകൾ റെയിൽവേ അധികൃതരുടെയും തൃക്കരിപ്പൂർ പഞ്ചായത്തിന്റെയും മേൽനോട്ടത്തിൽ മുറിച്ചുമാറ്റിയത്.