ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; ഗതാഗതം പുനഃസ്ഥാപിക്കല്‍ വൈകും
1444405
Tuesday, August 13, 2024 1:48 AM IST
കാസര്‍ഗോഡ്: ദേശീയപാതയിലേക്ക് വീണ്ടും മണ്ണിടിഞ്ഞുവീണതോടെ വലിയ വാഹനങ്ങളെ കടത്തിവിടുന്നത് വീണ്ടും വൈകിയേക്കും. ഗതാഗതം എന്നു പുനരാരംഭിക്കുമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഗതാഗതനിരോധനം ഒരാഴ്ച തുടരുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ക്കുള്ള യാത്രാവിലക്ക് നീക്കിയിട്ടില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും മണ്ണിടിഞ്ഞത്. ബേവിഞ്ച വികെ പാറയിലാണ് മണ്ണിടിഞ്ഞ് വീണത്. ഇതോടെ ഗതാഗതം വീണ്ടും തടസപ്പെട്ടിരിക്കുകയാണ്.അശാസ്ത്രീയമായി മണ്ണിടിച്ച് റോഡ് നിര്‍മിച്ച സ്ഥലങ്ങളില്‍ സോയില്‍ നെയ്ലിംഗ് നടത്തിയിരുന്നു.
ഇവിടങ്ങളിലാണ് കഴിഞ്ഞ ദിവസം വീണ്ടും കുന്നിടിച്ചില്‍ ഉണ്ടായത്. ഇവിടെ കുന്നിന് മുകളില്‍ നിരവധി വീടുകളുണ്ട്. ഓഗസ്റ്റ് നാലിന് വൈകുന്നേരം മുതലാണ് ഈ റൂട്ടില്‍ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചത്. പരവനടുക്കം-കോളിയടുക്കം-ചെമ്മനാട് വഴിയും മേല്‍പറമ്പ് വഴിയും വളഞ്ഞുചുറ്റിയാണ് ബസ് സര്‍വീസ് നടത്തുന്നത്. ഇതുമൂലം ചെര്‍ക്കള, വിദ്യാനഗര്‍, നായന്മാര്മൂല തുടങ്ങിയ പ്രധാന ടൗണുകളിലൂടെ കണ്ണൂര്‍-കാസര്‍ഗോഡ് ബസുകള്‍ പോകുന്നില്ല. ഇതുമൂലം കളക്ടറേറ്റ് ജീവനക്കാര്‍ക്കും സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ചുറ്റിവളഞ്ഞ് യാത്ര ചെയ്യേണ്ട ഗതികേടാണ്.
ദേശീയപാത വഴിയുള്ള യാത്രക്കാര്‍ക്ക് വേഗത്തില്‍ കാസര്ഗോട്ടെത്താനും തിരിച്ചുപോകാനും കഴിയാത്ത സ്ഥിതിയാണുള്ളത്. സമയനഷ്ടത്തിന് പുറമെ കൃത്യസമയത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ജോലി സ്ഥലത്തേക്കും എത്തിപ്പെടാന്‍ കഴിയുന്നില്ലെന്ന് പരാതിയുണ്ട്. ബസുകളുടെ വരുമാനത്തിലും വലിയ ഇടിവുണ്ടായി. ഈ സാഹചര്യത്തില്‍ മണ്ണിടിച്ചില്‍ മൂലമുണ്ടായ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ച് ഗതാഗതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നിരോധനം അനിശ്ചിതമായി തുടരുന്നത് ബസുടമകളുടെയും ജീവനക്കാരുടെയും പ്രതിഷേധത്തിന് കാരണമാകുകയാണ്. ബസുകളുടെ യാത്രാവിലക്ക് പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും ബാധിക്കുന്നു. അശാസ്ത്രീയമായ കുന്നിടിക്കലാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ദേശീയപാത നിര്‍മാണത്തിനായി വികെ പാറയില്‍ വന്‍തോതിലാണ് കുന്നിടിച്ചത്. ഇതോടെ നിരവധി കുടുംബങ്ങളുടെ വഴി അടയുകയായിരുന്നു. പല കുടുംബങ്ങള്‍ക്കും ഒന്നരകിലോമീറ്ററോളം ഇടുങ്ങിയ റോഡിലൂടെ ചുറ്റി സഞ്ചരിക്കേണ്ടിവരികയാണ്. കിഴക്കുഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന ദേശീയപാത ഇടിച്ച് താഴ്ത്തിയതിനാല്‍ മുകള്‍ ഭാഗത്ത് കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡില്‍ നിന്ന് 10 മുതല്‍ 15 മീറ്ററോളം താഴ്ചയാണ് രൂപപ്പെട്ടിരിക്കുന്നത്.
മഴ പെയ്യുമ്പോള്‍ റോഡിനൊപ്പം അരികും ഇടിയുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്. ദേശീയപാത ഇടിഞ്ഞതിനെ തുടര്‍ന്ന് അപകടഭീഷണിയുള്ളതിനാല്‍ മറുഭാഗത്ത് കുന്നിടിച്ച് വീതി കൂട്ടാനുള്ള ശ്രമം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിട്ടുണ്ട്. താത്കാലിക റോഡ് ഒരുക്കി വലിയ വാഹനങ്ങളെ കടത്തിവിടുന്നതിന് സൗകര്യമുണ്ടാക്കാനാണ് കുന്നിടിച്ചുതുടങ്ങിയത്. എതിര്‍പ്പ് നിലനില്‍ക്കുന്നതിനാല്‍ വാഹനങ്ങള്‍ കടത്തിവിടുന്നതിനുള്ള നടപടി ഇനിയും വൈകാനാണ് സാധ്യത.