വയനാടിനായി കൈകോര്‍ത്ത് കാസര്‍ഗോഡ്
1444126
Monday, August 12, 2024 1:03 AM IST
കാസര്‍ഗോഡ്: പിറന്നാളിന് കേക്കും കളിപ്പാട്ടങ്ങളും വാങ്ങാനായി കൂട്ടിവെച്ച കുടുക്ക പൊട്ടിച്ച് 2000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി മടിക്കൈ ജിഎച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരന് റിഷാന് ശ്രീജിത്ത്. ബസ് കണ്ടക്ടറായ അച്ഛന് ശ്രീജിത്തും കാഞ്ഞങ്ങാട് ബിആര്‍സിയിലെ ജീവനക്കാരി ശാരികയുമൊത്ത് ജില്ലാ കളക്ടറുടെ ചേംബറിലെത്തി തുക കൈമാറി.
കാഞ്ഞങ്ങാട്: നഗരസഭ ഹരിതകര്‍മസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്കി. 100 അംഗങ്ങള്‍ തങ്ങളുടെ വേതനത്തില്‍ നിന്നും 1000 രൂപ മാറ്റിവെച്ചാണ് നിരവധി ആളുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന ഒരു വലിയ തുകയാക്കി മാറ്റി സംഭാവന നല്‍കിയത്.
വീടുകളില്‍ ചെന്ന് എല്ലാവരും ഉപേക്ഷിക്കുന്നതും, വലിച്ചെറിയുന്നതുമായ സാധനങ്ങള്‍ സ്വരൂപിച്ച കൈകളാണ് ഈയൊരു മാതൃകാ പ്രവര്‍ത്തനം നടത്തിയത്. സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ് തുക ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ്: ജിയുപി സ്കൂളിലെ ഏഴാം ക്ലാസുകാരന് സി.ബി.സിബിനും രണ്ടാം ക്ലാസുകാരി നിയ എസ്. മോഹനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള തുക ജില്ലാ കളക്ടറെ ഏല്‍പ്പിച്ചു. ഒന്നാം തരം മുതല്‍ നാലാം തരം വരെ തനിക്ക് ലഭിച്ച പ്രീമെട്രിക് സ്കോളര്‍ഷിപ്പ് തുകയുമായി സിബിന് തന്റെ അധ്യാപകരുടെ മുന്നിലെത്തി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനുള്ള താല്പര്യം അറിയിച്ചു. രണ്ടാം ക്ലാസുകാരി നിയ എസ് മോഹന്‍ തന്റെ കുടുക്കയുമായെത്തി. മുഖ്യാധ്യാപിക വിമല കുമാരി, സ്റ്റാഫ് സെക്രട്ടറി ശ്രീകുമാര്‍, സിബിന്റെ ക്ലാസ് അധ്യാപകന് റാം മനോഹര്‍ എന്നിവര്‍ക്കൊപ്പം ജില്ലാ കളക്ടറുടെ ചേംബറില്‍ എത്തിയാണ് തുക കൈമാറിയത്. സൈക്കിള്‍ വാങ്ങാനായി കൂട്ടിവെച്ച 4000 രൂപയാണ് സിബിന് കൈമാറിയത്. നിയയുടെ കുടുക്ക പൊട്ടിച്ചപ്പോള്‍ 495 രൂപയുണ്ടായിരുന്നു.
കാസര്‍ഗോഡ്: കോളിയടുക്കം അണിഞ്ഞയിലെ 66കാരി ലീല 10,000 രൂപ ജില്ലാകളക്ടര്‍ക്ക് കൈമാറി. വാട്ടര്‍ അഥോറിറ്റി ജീവനക്കാരനായിരുന്ന ഭര്‍ത്താവ് മരണപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ലഭിക്കുന്ന പെന്ഷന് തുകയില്‍ നിന്നും മിച്ചം പിടിച്ച പണമാണ് അവര്‍ നല്‍കിയത്.
കാസര്‍ഗോഡ്: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്കി പൊയ്നാച്ചി ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റ്. 28 വര്‍ഷത്തിലധികമായി യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയാണ് ആശ്രയ. ജനറല്‍ സെക്രട്ടറി ശ്രീജിത്ത് മയിച്ചയുടെ നേതൃത്വത്തില്‍ ജില്ലാകളക്ടറുടെ ചേംബറിലെത്തി കളക്ടര്‍ക്ക് ചെക്ക് കൈമാറി.
കാസര്‍ഗോഡ്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാക്കം ജിഎച്ച്എസ്എസ് വിദ്യാര്‍ഥികള്‍ സമാഹരിച്ച 86,200 രൂപ കളക്ടര്‍ക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്കാന് താല്പര്യമറിയിച്ച് വിദ്യാര്‍ഥികൾ അധ്യാപകരെ സമീപിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസങ്ങളിലായി സ്കൂളിലെ എല്‍കെജി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ചെടുത്ത തുകയാണ് കൈമാറിയത്. 50 രൂപ മുതല്‍ 1000 രൂപ വരെ വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്ന് അധ്യാപകര്‍ പറഞ്ഞു.
കാഞ്ഞങ്ങാട്: വയനാട്ടിലെ ജനതയെ ചേര്‍ത്തു പിടിക്കുന്നതിനായി അരയി ജിയുപി സ്കൂളിലെ മുഴുവന്‍ കുട്ടികളും അധ്യാപകരും പിടിഎ അംഗങ്ങളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായ സ്വരൂപണം നടത്തി. കുട്ടികള്‍ പലദിവസങ്ങളിലായി ശേഖരിച്ച നാണയ തുട്ടുകളടങ്ങിയ കുടുക്ക, ഉപയോഗ ശൂന്യമായ കുപ്പികള്‍, ഇരുമ്പ് ഉപകരണങ്ങള്‍, പ്ലാസ്റ്റിക് സാധനങ്ങള്‍ തുടങ്ങിയ നിരവധി സാധനങ്ങളുമായാണ് കുട്ടികള്‍ കഴിഞ്ഞദിവസം സ്കൂളില്‍ എത്തിച്ചേര്‍ന്നത്.
പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളാണ് ഈയൊരു മാതൃകാ പ്രവര്‍ത്തനം നടത്തിയത്. കുട്ടികളുടെ ഈ പ്രവര്‍ത്തനത്തോടൊപ്പം അധ്യാപകരും, പിടിഎ കമ്മിറ്റിയംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് എത്രയും പെട്ടെന്ന് നല്ലൊരു സംഖ്യ സ്വരൂപിച്ച് നല്‍കാനാണ് അരയി സ്കൂള്‍ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്. കുട്ടികള്‍ സ്കൂളിലെത്തിച്ച സാധനങ്ങള്‍ മുഖ്യാധ്യാപിക ശോഭ കൊഴുമ്മല്‍ ഏറ്റുവാങ്ങി.
നീലേശ്വരം: വയനാടിനൊരു കൈത്താങ്ങായി നീലേശ്വരം മന്ദംപുറത്ത് കാവ് ഭഗവതി ക്ഷേത്രം മൂന്നു ലക്ഷം രൂപയുടെ ധനസഹായം കൈമാറി. ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് കെ.രത്നാകരന്, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്, ട്രസ്റ്റി അംഗങ്ങളായ ഈശാന പിടാരര്, കെ. സുരേഷ് ബാബു, എ.വി നാരായണന് എന്നിവര്‍ ചേര്‍ന്നാണ് തുക കളക്ടര്‍ക്ക് നല്‍കിയത്.