മണലൂറ്റിനെതിരെ പ്രത്യക്ഷസമരത്തിനൊരുങ്ങി വലിയപറമ്പ് ദ്വീപ് നിവാസികൾ
1443528
Saturday, August 10, 2024 1:26 AM IST
വലിയപറമ്പ്: ദ്വീപ് പഞ്ചായത്തിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അനധികൃത മണലെടുപ്പ് ഇല്ലാതാക്കാൻ ഗ്രാമവാസികൾ പ്രത്യക്ഷ സമരത്തിലേക്ക്. മണൽ കടത്ത് നടത്തുന്ന പഞ്ചായത്തുകളുടെ ആസ്ഥാനങ്ങളിലേക്ക് മാർച്ച് നടത്താൻ മാവിലാക്കടപ്പുറത്ത് ചേർന്ന സമര പ്രഖ്യാപന കൺവെൻഷനിലാണ് തീരുമാനമുണ്ടായത്.
20നു പടന്ന പഞ്ചായത്തിലേക്കും 27ന് ചെറുവത്തൂർ പഞ്ചായത്തിലേക്കുമാണ് മാർച്ചും ധർണയും നടത്തുക. 3500ൽപ്പരം വീടുകളിൽ 17,000ത്തിലധികം ജനങ്ങൾ അധിവസിക്കുന്ന 24 കിലോമീറ്റർ നീണ്ടു കിടക്കുന്ന വലിയപറമ്പ് ദ്വീപ് പഞ്ചായത്തിൽ അനധികൃത മണലെടുപ്പ് മൂലം ശുദ്ധജലം ലഭിക്കാത്തതും കടലോരവും കായലോരവും കരയെ ഇളക്കിയെടുക്കുന്ന അവസ്ഥയുമുണ്ടായതോടെയാണ് കടലിലും കായലിനും ഇടയിലെ ദ്വീപ്നിവാസികൾ പ്രക്ഷോഭവുമായി ഇറങ്ങിയിട്ടുള്ളത്.
വലിയപറമ്പ് പഞ്ചായത്ത് ദ്വീപ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എംഎയുപി സ്കൂൾ പരിസരത്ത് ചേർന്ന ജനകീയ കൺവെൻഷൻ മണലൂറ്റ് നടത്തുന്നവർക്കെതിരെ കർശന നടപടി ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടാവണമെന്ന ആവശ്യവും ഉയർത്തി.
മണൽ കടത്തിനെതിരെ നൂറുകണക്കിന് വരുന്ന വലിയപറമ്പ് ഗ്രാമവാസികൾ പ്രതിജ്ഞയെടുത്തു. ജനകീയ കൺവെൻഷൻ പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ശ്യാമള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ കെ.അനിൽകുമാർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഖാദർ പാണ്ട്യാല, കെ മനോഹരൻ, ഇ.കെ. മല്ലിക, പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ വി.വി.ഉത്തമൻ, എം.ടി.അബ്ദുൾ ജബ്ബാർ, സി.വി.കണ്ണൻ, കെ.സിന്ധു, സമര സമിതി കൺവീനർ എം.അബ്ദുൾ സലാം, ട്രഷറർ കെ.ഇസഹാഖ്, സി.നാരായണൻ, ഉസ്മാൻ പാണ്ട്യാല, കെ.അശോകൻ, മധു കാരണത്ത്, എം.ഭാസ്കരൻ, ഒ.കെ.ബാലകൃഷ്ണൻ, പഞ്ചായത്തംഗം എം.ടി.ബുഷ്റ എന്നിവർ പ്രസംഗിച്ചു.