തൂണുകൾക്ക് ചരിവ്; കാര്യങ്കോട് പാലത്തിന് സുരക്ഷാഭീഷണിയേറി
1440452
Tuesday, July 30, 2024 2:02 AM IST
നീലേശ്വരം: തൂണുകൾക്കുണ്ടായ ചരിവ് കൂടുതൽ പ്രകടമായതോടെ ദേശീയപാതയിലെ കാര്യങ്കോട് പാലം കടുത്ത സുരക്ഷാഭീഷണിയിൽ. ബസുകളും ഭാരവാഹനങ്ങളുമുൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസേന പാലത്തിനു മുകളിലൂടെ കടന്നുപോകുന്നത്.
മാസങ്ങൾക്കുമുമ്പ് സ്പാനുകൾക്കിടയിൽ വിള്ളൽ പ്രത്യക്ഷപ്പെട്ട് പാലം അപകടസ്ഥിതിയിലായതോടെ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പണി പൂർത്തിയായ പുതിയ പാലം എത്രയും പെട്ടെന്ന് തുറന്നുകൊടുത്തശേഷം പഴയ പാലം പൊളിച്ചുമാറ്റാനായിരുന്നു അന്നത്തെ ധാരണ.
എന്നാൽ ഒരു മാസംമുമ്പ് പുതിയ പാലം തുറന്നുകൊടുത്തെങ്കിലും ഒറ്റ ദിവസം കൊണ്ട് വീണ്ടും അടയ്ക്കുകയായിരുന്നു. പുതിയ പാലത്തിന്റെ സ്പാനുകൾ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടതായിരുന്നു കാരണം.
ഇതോടെ ഗതാഗതം വീണ്ടും പഴയ പാലത്തിലൂടെ തിരിച്ചുവിട്ടു. സ്പാനുകൾ കൂട്ടിയോജിപ്പിക്കുന്ന പ്രവൃത്തി ഇനിയും പൂർത്തിയായിട്ടുമില്ല.
ഇതിനിടയിലാണ് പഴയ പാലം കൂടുതൽ അപകടസ്ഥിതിയിലായത്.
ദേശീയപാത നിർമാണത്തിന്റെ ഭാഗമായി രണ്ട് പുതിയ പാലങ്ങളാണ് കാര്യങ്കോട്ട് തേജസ്വിനി പുഴയ്ക്ക് കുറുകേ നിർമിക്കുന്നത്. ഇതിൽ ആദ്യത്തേതിന്റെ നിർമാണമാണ് ഇപ്പോൾ അവസാനഘട്ടത്തിലെത്തി നില്ക്കുന്നത്.
രണ്ടാമത്തെ പാലം നിർമിക്കുന്നതിനായി പുഴയിൽ പൈലിംഗ് നടത്തിയപ്പോഴാണ് പഴയ പാലത്തിന്റെ തൂണുകൾക്ക് ഇളക്കം തട്ടിയതെന്നാണ് സൂചന.
ഇതോടെയാണ് പഴയ പാലം പൊളിച്ചുമാറ്റിയ ശേഷം രണ്ടാമത്തെ പാലത്തിന്റെ നിർമാണം തുടങ്ങാൻ ധാരണയായത്. ആദ്യത്തെ പാലത്തിന്റെ ജോലികൾ ഇനിയും തീരാത്തതാണ് ഇതിന് തടസമാകുന്നത്.
ഇതിനിടയിൽ പഴയ പാലം കൂടുതൽ അപകടസ്ഥിതിയിലായതോടെ പുതിയ പാലം വീണ്ടും തുറന്നുകൊടുക്കുന്നതുവരെ ഇതുവഴി ഭാരവാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.