റാണിപുരത്തും പാണത്തൂരും ആനകളെത്തുമെന്ന് ആശങ്ക
1335233
Wednesday, September 13, 2023 12:52 AM IST
പാണത്തൂർ: കാസര്‍ഗോഡ് താലൂക്കിന്റെ മലയോര പഞ്ചായത്തുകളിലെ സ്ഥിരം ശല്യക്കാരായ കാട്ടാനകളെയെല്ലാം വീണ്ടും കര്‍ണാടക വനത്തിലേക്ക് തുരത്തിയതായി വനംവകുപ്പ്. ഇതോടെ ദേലംപാടി പുലിപ്പറമ്പ് കര്‍ണാടക വനാതിര്‍ത്തിയില്‍ സ്ഥാപിച്ച സൗരോര്‍ജ തൂക്കുവേലി തെറ്റുകുറ്റങ്ങള്‍ പരിഹരിച്ച് വീണ്ടും ചാര്‍ജ് ചെയ്തു.
ഇവിടെ നിന്നും തുരത്തിയ ആനകള്‍ കര്‍ണാടകയിലെ സുള്ള്യ മണ്ടെക്കോല്‍ വനമേഖലയിലാണ് ഇപ്പോഴുള്ളത്. വരുംദിവസങ്ങളില്‍ ഇവ ആ ഭാഗത്തെ ജനവാസമേഖലകളിറങ്ങിയാല് വീണ്ടും ഇങ്ങോട്ടേക്ക് ഓടിക്കരുതെന്നും പകരം കര്‍ണാടകയിലെ പുഷ്പഗിരി റിസര്‍വ് വനം വഴി തലക്കാവേരി വന്യജീവി സങ്കേതത്തിലെത്തിക്കണമെന്നുമുള്ള നിര്‍ദേശം കര്‍ണാടക വനംവകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് ഡിഎഫ്ഒ കെ. അഷ്റഫ് അറിയിച്ചു.
റാണിപുരം വനത്തിനും പാണത്തൂര്‍ മേഖലയിലെ ജനവാസകേന്ദ്രങ്ങള്‍ക്കും തൊട്ടടുത്താണ് പുഷ്പഗിരി, തലക്കാവേരി വനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ
രണ്ടു വനങ്ങളിലും കാട്ടാനകള്ക്കാവശ്യമായ സ്ഥലസൗകര്യവും ആഹാരലഭ്യതയുമുണ്ടെന്ന് വനംവകുപ്പ് വിലയിരുത്തുമ്പോഴും സ്ഥിരമായി ജനവാസകേന്ദ്രങ്ങളിലിറങ്ങി ശീലിച്ച ആനകള്‍ ഇനി റാണിപുരത്തും പാണത്തൂരിലുമെത്തുമോ എന്ന ആശങ്കയുമുണ്ട്. ഈ ഭാഗങ്ങളില്‍ കാട്ടാനകളെത്തിയാലും അവയെ തുരത്താന്‍ മുളിയാര്‍, ബേഡഡുക്ക പ്രദേശങ്ങളിലേതിനേക്കാള്‍ എളുപ്പമാണെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍.
റാണിപുരം, പാണത്തൂര്‍ ഭാഗങ്ങളിലെ കൃഷിയിടങ്ങളില്‍ നേരത്തേയും കാട്ടാനകളിറങ്ങി വ്യാപക നാശനഷ്ടങ്ങള്‍ വരുത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ട്. കൂടുതല്‍ ആനകള്‍ ഈ ഭാഗത്തെത്തുമ്പോള്‍ ഇത് ഇനിയും കൂടാനാണ് സാധ്യത. തുരത്താന്‍ എളുപ്പമാണെന്ന് വനംവകുപ്പ് പറയുമ്പോഴും ഉറക്കമിളച്ചിരുന്ന് ജാഗ്രത പാലിക്കേണ്ടിവരിക കര്‍ഷകരാകും. കാട്ടാനകളിറങ്ങി നാശനഷ്ടങ്ങള്‍ വരുത്തിയതിനു ശേഷം മാത്രമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയെന്നതാണ് ഇതുവരെയുള്ള അനുഭവം.
സ്ഥിരം ശല്യക്കാരായ ആനകളെ കൂടുതല്‍ വിശാലമായ
മൈസൂരു വനത്തിലേക്ക് തുരത്തണമെന്നായിരുന്നു നേരത്തേ ഈ വിഷയം പഠിച്ച വിദഗ്ധരുടെ നിര്‍ദേശം. എന്നാല്‍ അവിടംവരെ നടത്തിച്ചുകൊണ്ടുപോകാന് വിഷമമായതിനാലാണ് തലക്കാവേരി നിര്‍ദേശിച്ചതെന്നാണ് സൂചന. ഇക്കാര്യത്തില്‍ കര്‍ണാടക വനംവകുപ്പിന്റെ തീരുമാനം ഇതുവരെ വന്നിട്ടില്ല.
പുലിപ്പറമ്പിലെ വനാതിര്‍ത്തിയില്‍ 16 കിലോമീറ്റര്‍ ദൂരത്തില്‍ സ്ഥാപിച്ച സൗരോര്‍ജ തൂക്കുവേലിയുടെ സമീപത്തെ മരക്കൊമ്പുകളെല്ലാം വെട്ടിമാറ്റിയാണ് വേലി വീണ്ടും ചാര്‍ജ് ചെയ്തത്. മരക്കൊമ്പുകളില്‍ തട്ടി ചാര്‍ജ് നഷ്ടമാകുന്ന അവസ്ഥ ഇതോടെ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
വേലിയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി എട്ടു ജീവനക്കാരെയും ആനകള്‍ വീണ്ടും വേലി കടന്ന് വരുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനായി ആറു ദ്രുതകര്മസേനാംഗങ്ങളെയും വനംവകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ആനകളെ തലക്കാവേരിയിലേക്ക് മാറ്റിയാല്‍ ഇതേ ജാഗ്രത റാണിപുരം, പാണത്തൂര്‍ ഭാഗങ്ങളിലും വേണ്ടിവരും.