ഊരുകളിലെ കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ഈ വര്‍ഷം "വിദ്യാവാഹിനി'
1299377
Friday, June 2, 2023 12:26 AM IST
കാസര്‍ഗോഡ്: മലയോരമേഖലയിലെ ഗോത്രവര്‍ഗ ഊരുകളില്‍ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ഈ വര്‍ഷം "വിദ്യാവാഹിനി' എന്ന പേരില്‍ പുതിയ പദ്ധതി. മുന്‍വര്‍ഷങ്ങളിലെ ഗോത്രസാരഥി, ഗോത്രവാഹിനി പദ്ധതികളില്‍ നിന്ന് വ്യത്യസ്തമായി തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തമില്ലാതെ പട്ടികവര്‍ഗ വികസനവകുപ്പ് നേരിട്ടാണ് പദ്ധതി നടപ്പാക്കുക.
ഓരോ സ്കൂളില്‍ നിന്നുമുള്ള റൂട്ടുകളുടെ എണ്ണവും വാടകയും സംബന്ധിച്ച് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസില്‍ നിന്നാണ് തീരുമാനമുണ്ടാവുക. ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്ക് തൊഴിലവസരമെന്ന നിലയില്‍ പരമാവധി ഈ വിഭാഗത്തില്‍ പെട്ടവരുടെ വാഹനങ്ങള്‍ തന്നെ പദ്ധതിക്കായി ഉപയോഗപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. പട്ടികവര്‍ഗ സംഘങ്ങളുടെയോ ഈ വിഭാഗത്തില്‍ പെടുന്ന വ്യക്തികളുടെയോ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. ഇങ്ങനെയുള്ള വാഹനങ്ങള്‍ തീരെ ലഭ്യമല്ലെങ്കില്‍ മാത്രം പട്ടികവര്‍ഗ വികസന വകുപ്പിന്റെ അനുമതിയോടെ മറ്റു വാഹനങ്ങള്‍ കണ്ടെത്താം.
ഓരോ സ്കൂളിലെയും വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് റൂട്ടുകളുടെ എണ്ണവും വാഹനങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പട്ടികവര്‍ഗ വികസനവകുപ്പില്‍ നിന്ന് തീരുമാനം വരാന്‍ സമയമെടുക്കുമെന്നതിനാല്‍ "വിദ്യാവാഹിനി' സര്‍വീസുകള്‍ ഓടിത്തുടങ്ങാന്‍ ഒരു മാസമെങ്കിലും കഴിയുമെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 14 സ്കൂളുകളിലാണ് ഗോത്രവാഹിനി പദ്ധതി നടപ്പിലാക്കിയത്. ഇതില്‍ 10 സ്കൂളുകളും വെള്ളരിക്കുണ്ട് താലൂക്കിലായിരുന്നു. സ്കൂളിലെത്താന്‍ തീര്‍ത്തും പ്രയാസപ്പെടുന്ന കുട്ടികളെ ഉദ്ദേശിച്ചാണ് പദ്ധതി തുടങ്ങിയതെങ്കിലും പല സ്കൂളുകളും ഗുണഭോക്തൃ പട്ടികയില്‍ ഈ വിഭാഗത്തിലെ കുട്ടികളെ മുഴുവന്‍ ഉള്‍പ്പെടുത്തുകയും അതുമൂലം റൂട്ടുകളുടെയും വാഹനങ്ങളുടെയും എണ്ണം കൂടുകയും ചെയ്തതായി ആക്ഷേപമുയര്‍ന്നിരുന്നു. ഇതോടെ പദ്ധതി ജില്ലാ പഞ്ചായത്തിന് വലിയ സാമ്പത്തികബാധ്യതയും വരുത്തിവച്ചു. രണ്ടേകാല്‍ കോടിയോളം രൂപ ഈ പദ്ധതിക്കുവേണ്ടി മാത്രം മാറ്റിവയ്ക്കേണ്ടിവന്നു.
ദുര്‍ഗമമായ വനാതിര്‍ത്തികളിലും വനത്തിനുള്ളിലും താമസിക്കുന്ന കുട്ടികള്‍ക്കായിരിക്കും മുന്‍ഗണന. ബന്ധപ്പെട്ട ഊരുകളില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരപരിധിയിലുള്ളതോ അല്ലെങ്കില്‍ ഏറ്റവും അടുത്തുള്ളതോ ആയ സ്കൂളുകളിലേക്കാണ് യാത്രാസൗകര്യം ലഭ്യമാക്കുക. ഇതോടൊപ്പം സ്കൂള്‍ ബസുകള്‍ തന്നെ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് യാത്രച്ചെലവ് നല്‍കാനും നിര്‍ദേശമുണ്ട്.