ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്
1299376
Friday, June 2, 2023 12:26 AM IST
കാസര്‍ഗോഡ്: 20 രൂപയ്ക്ക് ഉച്ചയൂണ് നല്‍കുന്നതിനായി രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിൽ. ഒരു ഊണിന് 10 രൂപ പ്രകാരം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന സബ്സിഡി പത്തുമാസമായി മുടങ്ങിയ നിലയിലാണ്.
കെട്ടിടത്തിന്റെ വാടകയും വൈദ്യുതി, വെള്ളം എന്നിവയുടെ ചെലവുകളും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കുമെന്ന പ്രഖ്യാപനവും ഇപ്പോള്‍ നടപ്പാകുന്നില്ല.
ജില്ലയിലെ പല ജനകീയ ഹോട്ടലുകള്‍ക്കും സര്‍ക്കാരിന്റെ സബ്സിഡി ഇനത്തില്‍ മാത്രം പത്തുലക്ഷത്തോളം രൂപയാണ് കിട്ടാനുള്ളത്. കെട്ടിട വാടകയും വൈദ്യുതി ബില്ലും വെള്ളക്കരവും അടക്കാതായിട്ടും മാസങ്ങളായി.
വാടകയും വെള്ളക്കരവും വൈദ്യുതി ബില്ലും ഇന്ധനച്ചെലവും പച്ചക്കറികളുടെയും ധാന്യങ്ങളുടെയും വിലയുമെല്ലാം ക്രമാതീതമായി ഉയര്‍ന്നതോടെ പല ഹോട്ടലുകളും ഫലത്തില്‍ പ്രവര്‍ത്തിക്കാതായ നിലയിലാണ്.
തൊഴിലാളികള്‍ക്ക് ജീവിതച്ചെലവിനുള്ള വക പോലും കൊടുക്കാനില്ലാതായതോടെ തത്കാലം ഹോട്ടല്‍ അടച്ചിടുകയല്ലാതെ മറ്റു നിര്‍വാഹമില്ലെന്നാണ് കരാര്‍ ഏറ്റെടുത്ത കുടുംബശ്രീ ഗ്രൂപ്പുകള്‍ പറയുന്നത്.
തദ്ദേശസ്ഥാപനങ്ങളുടെ സ്വന്തം കെട്ടിടങ്ങളില്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന ഇടങ്ങളില്‍ വാടകയുടെ പ്രശ്നമില്ലാത്തതുകൊണ്ട് തത്കാലം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സബ്സിഡി തുകയെങ്കിലും ഇനിയും കിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയാകുമെന്ന് അവരും പറയുന്നു.
സബ്സിഡിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൈമലര്‍ത്തുന്നതുപോലെ തന്നെയാണ് വൈദ്യുതി ബില്ലിന്റെയും വെള്ളക്കരത്തിന്റെയും കാര്യത്തില്‍ പല തദ്ദേശസ്ഥാപനങ്ങളും കൈമലര്‍ത്തുന്നത്.
ഇനി തെരഞ്ഞെടുപ്പുകാലം വന്നാലേ സബ്സിഡി കിട്ടൂ എന്ന നിലയാണെങ്കില്‍ അതുവരെ ഈ ഹോട്ടലുകള്‍ അവശേഷിക്കാനിടയില്ലെന്ന് സംരംഭകര്‍ തന്നെ പറയുന്നു.