അപകടമൊഴിയാതെ നീലേശ്വരം-ഇടത്തോട് റോഡ്
1298021
Sunday, May 28, 2023 7:06 AM IST
നീലേശ്വരം: പൂര്ത്തിയാകാതെ നില്ക്കുന്ന നവീകരണത്തിനു പിന്നാലെ അപകടമൊഴിയാതെ നീലേശ്വരം-ഇടത്തോട് റോഡ്.
താലൂക്ക് ആശുപത്രിക്കു സമീപവും ചായ്യോത്ത് അരയാക്കടവ് റോഡ് ജംഗ്ഷനിലുമാണ് കഴിഞ്ഞദിവസം അപകടങ്ങളുണ്ടായത്. താലൂക്ക് ആശുപത്രിക്കു സമീപം ടാക്സി കാര് നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
കാര് ഡ്രൈവര് പാലായിയിലെ രജിത്തിനും യാത്രക്കാരനായ ബാലകൃഷ്ണനും പരിക്കേറ്റു. രജിത്തിനെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും ബാലകൃഷ്ണനെ പരിയാരം ഗവ.മെഡിക്കല് കോളജിലും പ്രവേശിപ്പിച്ചു.
റോഡിനു തൊട്ടുതാഴെയുള്ള വീടിന്റെ ഒരുഭാഗവും അപകടത്തില് തകര്ന്നു.ചായ്യോത്ത് അരയാക്കടവ് റോഡ് ജംഗ്ഷനില് നിയന്ത്രണംവിട്ട് മറിഞ്ഞ കാറിലുണ്ടായിരുന്നവര് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഒരാഴ്ചയ്ക്കിടെ ഇതേ സ്ഥലത്ത് മൂന്നാമത്തെ അപകടമാണ് ഉണ്ടാകുന്നത്. നേരത്തേയുണ്ടായ അപകടത്തില് രണ്ടുപേര്ക്ക് പരിക്കേറ്റിരുന്നു.റോഡിന്റെ ഒന്നാംഘട്ട മെക്കാഡം ടാറിംഗ് പൂര്ത്തിയായെങ്കിലും സുരക്ഷാ ക്രമീകരണങ്ങളൊന്നും പൂര്ത്തിയാകാത്തതാണ് അപകടങ്ങള്ക്ക് വഴിയൊരുക്കുന്നത്.
ചായ്യോത്ത് ഗവ. സ്കൂളിനോടടുത്ത ഭാഗങ്ങളില് ഉയര്ന്ന റോഡിന്റെ ഇരുവശങ്ങളിലും തുറന്നുകിടക്കുന്ന ഓവുചാലുകള് അപകടങ്ങളെ മാടിവിളിക്കുകയാണ്. റോഡിലെവിടെയും സ്പീഡ് ബ്രേക്കറുകളോ അപകടസൂചനാ ബോര്ഡുകളോ സ്ഥാപിച്ചിട്ടില്ല.
ജംഗ്ഷനുകളില് സിഗ്നല് സംവിധാനം പോലും ആയിട്ടില്ല.ഇതുവരെ ചെയ്ത ജോലിയുടെ ബില് പാസാകാത്തതിന്റെ പേരിലാണ് കരാറുകാരന് പണി വീണ്ടും നിര്ത്തിവച്ചിരിക്കുന്നത്. പ്രവൃത്തികള് പലവട്ടം ഇഴഞ്ഞുനീങ്ങിയതുമൂലം നേരത്തേ കരാര് റദ്ദാക്കുന്ന നില വരെ എത്തിയിരുന്നു.
അന്ന് വീണ്ടും ചര്ച്ചകള്ക്കൊടുവില് പുനരാരംഭിച്ച പണിയാണ് അന്നത്തെ ബില് പാസാകാത്തതിന്റെ പേരില് ഇപ്പോള് വീണ്ടും നിര്ത്തിയത്. ഇതോടെ മെക്കാഡം ടാറിംഗ് നടത്തിയ റോഡിലൂടെ സുരക്ഷാ മാനദണ്ഡങ്ങളൊന്നുമില്ലാതെ വാഹനങ്ങള് ഓടാന് തുടങ്ങിയതാണ് അപകടങ്ങളിലേക്കു നയിക്കുന്നത്.