ലോറിയിടിച്ച് റെയില്‍വേഗേറ്റ് ഒടിഞ്ഞ് വൈദ്യുത ലൈനിലേക്ക് വീണു
1282081
Wednesday, March 29, 2023 1:05 AM IST
തൃക്കരിപ്പൂര്‍: വെള്ളാപ്പ് റോഡിലെ റെയില്‍വേ ഗേറ്റില്‍ ചരക്കുലോറിയിടിച്ച് ഗേറ്റൊടിഞ്ഞ് പാളത്തിന് മുകളിലെ വൈദ്യുത ലൈനില്‍ വീണു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. വെള്ളാപ്പ് ഭാഗത്ത് നിന്ന് 266 നമ്പര്‍ റെയില്‍വേ ഗേറ്റ് കടക്കുന്നതിനിടയില്‍ ഗേറ്റിന്റെ മുകള്‍ ഭാഗത്തായി ചരക്ക് ലോറിയുടെ പിന്‍ഭാഗം തട്ടുകയും ഗേറ്റിന്റെ അടിഭാഗം ഒടിഞ്ഞ് ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈനില്‍ പതിക്കുകയായിരുന്നു. വന്‍ ശബ്ദത്തോടെ തീപ്പൊരി ചിതറിയപ്പോള്‍ പ്രദേശത്തെ വ്യാപാരികളും മാവേലി സ്റ്റോറിലെത്തിയ നാട്ടുകാരും ഓടിയെത്തി റോഡിലെ വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി നിര്‍ത്തിയിടുകയായിരുന്നു.
ഒരു മണിക്കൂറിനകം റെയില്‍വേയിലെ വൈദ്യുതീകരണ വിഭാഗം ജീവനക്കാരെത്തി ലൈനില്‍ കുരുങ്ങി നിന്ന ലോറി നീക്കുകയും പിന്നീട് പൊട്ടിയ ലൈന്‍ ടവര്‍ കാറിലെത്തിയാണ് കൂട്ടിയോജിപ്പിച്ചത്. ഗുഡ്സ് ട്രെയിന്‍ ചെറുവത്തൂരില്‍ നിര്‍ത്തിയിട്ടു എന്നൊഴിച്ചാല്‍ ഉച്ചസമയമായതിനാല്‍ അപകടം ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ല. എന്നാല്‍ ഉച്ചക്ക് 12.30 മുതല്‍ മുടങ്ങിയ റോഡ് ഗതാഗതം വൈകുന്നേരം 6.45 ഓടെയാണ് പുനഃസ്ഥാപിച്ചത്. ജൂണിയര്‍ എന്‍ജിനിയര്‍ കെ. അക്ഷയ്, കണ്ണൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എസ്ഐ ബിനോയ് എന്നിവര്‍ സ്ഥലത്തെത്തി.