നഗരസഭാ ഓഫീസിന് മുന്നിൽ ധർണ നടത്തി
1575806
Tuesday, July 15, 2025 1:05 AM IST
ശ്രീകണ്ഠപുരം: നഗരസഭാ പരിധിയിൽ എക്സ്പ്ലോസീവ് മാഗസിൻ സ്ഥാപിക്കാൻ അനുമതി നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, ചെമ്പന്തൊട്ടി നായനാർമലയിൽ വീണ്ടും പുതിയ ക്വാറി തുടങ്ങാൻ എൻഒസി നൽകരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നായനാർമല ക്വാറി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം നഗരസഭാ ഓഫീസിന് മുന്നിൽ ധർണ നടത്തി.
ചെമ്പന്തൊട്ടി സെന്റ് ജോർജ് ഹൈസ്കൂൾ മുൻ മുഖ്യാധ്യാപകൻ സോയി ജോസഫ് ഉദ്ഘാടനം ചെയ്തു. നായനാർമല ക്വാറി വിരുദ്ധ സമിതി ജനറൽ കൺവീനർ കെ.എം. ഷംസീർ അധ്യക്ഷത വഹിച്ചു. കെ.സി. ജയിംസ്, രാജു വയലിൽ, എൻ.വി. വർഗീസ്, ജോയി കൊച്ചുപുരയ്ക്കൽ, ജോസ് പാറയ്ക്കൽ, ഫിലോമിന കാരിമറ്റം, ജോയി നെയ്മണ്ണിൽ, വിനോദ് പുത്തൻപുര എന്നിവർ പ്രസംഗിച്ചു. ജഫി കാക്കല്ലിൽ, എം.വി. സജി, പി.ജെ. സെബാസ്റ്റ്യൻ, സണ്ണി കൊച്ചുപുരയ്ക്കൽ, കുഞ്ഞ് ചാലുങ്കൽ, ജോയി പനച്ചിക്കൽ എന്നിവർ നേതൃത്വം നൽകി.
ഭരണപക്ഷ
കൗൺസിലർമാർ
വിയോജനക്കുറിപ്പെഴുതി
ശ്രീകണ്ഠപുരം: നഗരസഭാ പരിധിയിൽ വെടിക്കോപ്പുകൾ സൂക്ഷിക്കാനുള്ള എക്സ്പ്ലോസീവ് മാഗസിൻ സ്ഥാപിക്കാൻ അനുമതി നൽകുന്നത് സംബന്ധിച്ച കൗൺസിൽ ചർച്ചയിൽ രണ്ട് സ്ഥിരം സമിതി അധ്യക്ഷൻമാരും രണ്ടു കൗൺസിലർമാരും ഉൾപ്പെടെ നാല് ഭരണപക്ഷ കൗൺസിലർമാർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി. ഇതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട ഭരണപക്ഷം പ്രതിപക്ഷ കൗൺസിലർമാരുടെ പിന്തുണയോടെയാണ് അജണ്ട പാസാക്കിയത്.
ജനവികാരം മാനിച്ച് തീരുമാനം നടപ്പാക്കരുതെന്ന് വിയോജനക്കുറിപ്പെഴുതിയ കൗൺസിലർമാർ ആവശ്യപ്പെട്ടു. പരിസരവാസികളുടെ പരാതി പോലും പരിഗണിക്കാതെയാണ് അജണ്ട പാസാക്കിയത്. ഇതിനെതിരെ തുടർപ്രക്ഷോഭം നടത്താനുള്ള ഒരുക്കത്തിലാണ് നായനാർമല ക്വാറി വിരുദ്ധ സമിതി.
തെറ്റിദ്ധാരണ പരത്തുന്നു: ഭരണസമിതി
ശ്രീകണ്ഠപുരം: വാസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞുപരത്തി ചിലയാളുകൾ നഗരസഭയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് നഗരസഭാ ഭരണസമിതി വർത്താക്കുറിപ്പിൽ അറിയിച്ചു. ഇന്നലെ രണ്ടു കൗൺസിലർമാരുടെ നേതൃത്വത്തിൽ കുറച്ചുപേർ നഗരസഭയുടെ മുന്നിൽ സമരത്തിന് എത്തിയിരുന്നു.
ആറാം വാർഡ് കംബ്ലാരിയിൽ നിയമപരമായി തുടങ്ങാനുള്ള എക്സ്പ്ലോസീവ് മാഗസിനെ ചൊല്ലിയാണ് കുറച്ചുനാളായി വിവാദങ്ങൾ ഉയരുന്നത്. ഉപസമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിച്ചും നിയമം പൂർണമായി അനുസരിച്ചുമാണ് കംബ്ലാരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് അനുമതി കൊടുക്കാമെന്നു റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്.
രണ്ടുമാസം മുന്പ് നിയോഗിച്ച ഉപസമിതിയുടെ റിപ്പോർട്ട് ഇന്നലെ കൂടിയ കൗൺസിൽ യോഗം അംഗീകരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ വി.പി. നസീമ, പി.പി. ചന്ദ്രാംഗദൻ, വാർഡ് കൗൺസിലർമാരായ, ടി.ആർ. നാരായണൻ, വിജിൽ മോഹൻ, നഗരസഭ സെക്രട്ടറി, ക്ളീൻ സിറ്റി മാനേജർ പി. മോഹനൻ, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സതീഷ് തുടങ്ങിയവർ ഉൾപ്പെട്ടതായിരുന്നു ഉപസമിതി. രണ്ട് കൗൺസിലർമാർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിയോജനക്കുറിപ്പ് എഴുതിയിട്ടുള്ളതായും ഭരണസമിതി അറിയിച്ചു.