കാരുണ്യസ്പർശം അവാർഡ് സമ്മാനിച്ചു
1575796
Tuesday, July 15, 2025 1:05 AM IST
കരുവഞ്ചാൽ: ജോർജ് അർത്തനാകുന്നേലിന്റെ സ്മരണയ്ക്കായി ബി പോസിറ്റീവ് ട്രസ്റ്റ് നൽകുന്ന കാരുണ്യ സ്പർശം അവാർഡ് ഫാ. ജോസഫ് ഈനാച്ചേരിയിൽനിന്ന് കരുവഞ്ചാൽ ആശാഭവൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മെർലിൻ ഏറ്റുവാങ്ങി. കാൽ ലക്ഷം രൂപയും പ്രശംസാഫലകവും അടങ്ങുന്ന അവാർഡ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രോത്സാഹനമായാണ് നൽകുന്നത്.
ആശാഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സ്പെഷൽ സ്കൂളിലെ കുട്ടികളും പരിശീലകരും ബി പോസിറ്റീവ് അംഗങ്ങളും ജോർജിന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. ജോർജ് അർത്തനാകുന്നേലിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ വിവിധ മേഖലകൾ ചടങ്ങിൽ പങ്കെടുത്തവർ പങ്കുവച്ചു.
കഷ്ടത അനുഭവിക്കുന്നവർക്കും രോഗികൾക്കും പകലും രാത്രിയും ജോർജ് സമീപസ്ഥനായിരുന്നു. വീടില്ലാത്തവർക്ക് വീട് വച്ചു കൊടുക്കാനും കിടപ്പുരോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ചു കൊടുക്കാനും നിർധനരെ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാനും ഓടി നടന്ന അദ്ദേഹതത്തിന്റെ വിയോഗം സമൂഹത്തിനു വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.
കേന്ദ്ര കാർഷികഗവേഷണ കേന്ദ്രം മുൻ പ്രിൻസിപ്പൽ ഡോ. ജോസ് ചെറുക്കാവിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബി പോസിറ്റീവ് ട്രസ്റ്റ് ഡയറക്ടർ ജോസ് വീണപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി സിബി പഴുവൻകാല സ്വാഗതവും ട്രസ്റ്റ് കോ -ഓർഡിനേറ്റർ റോയിച്ചൻ ഓലിക്കൽ പള്ളത്ത് നന്ദിയും പറഞ്ഞു. ആശാഭവൻ സ്പെഷൽ സ്കൂളിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.