കുടിയേറ്റ മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിൽ ബിഷപ് വള്ളോപ്പിള്ളിയുടെ വെങ്കല ശില്പം ഒരുക്കും
1575434
Sunday, July 13, 2025 8:49 AM IST
ചെമ്പന്തൊട്ടി: കുടിയേറ്റ ജനതയുടെ സ്വപ്ന പദ്ധതിയായ ബിഷപ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം ചെന്പന്തൊട്ടിയിൽ യാഥാർഥ്യമാകുന്നതിനൊപ്പം മ്യൂസിയത്തിന്റെ പ്രവേശന കവാടത്തിൽ മെയിൻ റോഡിന് സമീപം തലശേരി രൂപത പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ വെങ്കല പ്രതിമ സ്ഥാപിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ.
പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് ശില്പം നിർമിക്കുക. ശില്പത്തിനുള്ള തുക എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ചിരുന്നെങ്കിലും നിയമ, സങ്കേതിക തടസം കാരണം അനുമതി ലഭിച്ചില്ല. ഈ സാഹചര്യത്തിൽ ശില്പനിർമാണത്തിനുള്ള അസംസൃത വസ്തുക്കൾ ജനകീയ പങ്കാളിത്തത്തോടെ ശേഖരിക്കും.
ഈ സവിശേഷ ഉദ്യമത്തിന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നും സജീവ് ജോസഫ് എംഎൽഎ പറഞ്ഞു. കുടിയേറ്റവുമായി ബന്ധപ്പെട്ട എല്ലാ സാമൂഹ്യ പ്രസ്ഥാനങ്ങളും ഇതിനകം സഹകരണം വാഗ്ദാനം ചെയ്തതായും എംഎൽഎ അറിയിച്ചു.
പ്രതിമ നിർമിക്കാനാവശ്യമായ വെങ്കലത്തിന് ജനങ്ങളിൽനിന്ന് പഴയതും ഉപയോഗശൂന്യവുമായ ഓട്ടുപാത്രങ്ങൾ ഉൾപ്പടെയുള്ളവ ശേഖരിക്കും. ഇത് ഉരുക്കിയാകും ശില്പം നിർമിക്കുക.
കുടിയേറ്റ ജനതയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ബിഷപ് വള്ളോപ്പിള്ളിയുമായുള്ള നാടിന്റെ ആത്മബന്ധത്തിന്റെ നേർസാക്ഷ്യമായി പ്രതിമ മാറും. ഇതിനുള്ള യത്നത്തിൽ നാടാകെ കൂടെനിൽക്കണമെന്നും സജീവ് ജോസഫ് എംഎൽഎ അഭ്യർഥിച്ചു . പഴയ വസ്തുക്കൾ നൽകി ഉദ്യമത്തിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർ ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേലുമായി ബന്ധപ്പെടണം. ഫോൺ: 9995188884.