കുരങ്ങുകളെ പ്രതിരോധിക്കാനുള്ള അവകാശം കർഷകർക്ക് നൽകണം: കിഫ
1575565
Monday, July 14, 2025 1:57 AM IST
കേളകം: ജനവാസ മേഖലയിൽ ഇറങ്ങി ജനങ്ങളുടെ ജീവനും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്യുന്ന കുരങ്ങുകളെ ഉന്മൂലനം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾക്കും കർഷകർക്കും അധികാരം നൽകണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ലാ കമ്മിറ്റി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.
കാട്ടുപന്നിയുടെ കാര്യത്തിലേതിനു സമാനമായി കുരങ്ങു ശല്യവും പരിഗണിച്ച് സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് കിഫ ആവശ്യപ്പെട്ടു. കേരളത്തിൽ നാളിക ഉത്പാദനം കുറയുന്നതിന് പ്രധാന കാരണം കുരങ്ങു ശല്യമാണ്. ആയിരം തെങ്ങുള്ള കർഷകർപോലും സ്വന്തം ആവശ്യങ്ങൾക്ക് തേങ്ങ വാങ്ങിക്കേണ്ട സ്ഥിതിയാണ്.
കാട്ടുപന്നികളെ ഉപാധികളോടെ വെടിവച്ചു കൊല്ലാമെന്ന നിയമം നടപ്പായത് കിഫയുടെ ശക്തമായ ഇടപെടലുകൾ കൊണ്ടാണെന്ന് യോഗം വിലയിരുത്തി. ജില്ലയിൽ വർധിച്ചു വരുന്ന വന്യമൃഗാക്രമണം, കാർഷികനാശം തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. വിൽസൺ വടക്കയിൽ, ജിൽസ് ജോൺ, ഷാന്റോ മാത്യു, കെ.യു. ഉലഹന്നാൻ, സിജോ, ഉണ്ണി ജോസഫ്, ബെന്നി മുട്ടത്തിൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കേളകം പ്രസ് ഫോറം ഹാളിൽ നടന്ന യോഗത്തിന് ജില്ലാ പ്രസിഡന്റ് പ്രിൻസ് ദേവസ്യയുടെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ജെ. റോബിൻ പ്രസംഗിച്ചു. പ്രസിഡന്റായി പ്രിൻസ് ദേവസ്യയെയും സെക്രട്ടറിയായി എം.ജെ. റോബിനെയും വീണ്ടും തെരഞ്ഞെടുത്തു.