റോഡുകൾ കുളമായി: പദ്ധതി പ്രവർത്തനവും അവതാളത്തിൽ
1575014
Saturday, July 12, 2025 2:31 AM IST
ആലക്കോട്: മലയോര മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായുള്ള ജൽജീവൻ മിഷൻ പദ്ധതിക്ക് പൈപ്പിടാൻ വേണ്ടി കുഴിയെടുത്ത റോഡുകൾ തകർന്നു. കുഴിയെടുത്ത ഭാഗങ്ങൾ കൃത്യസമയത്ത് മൂടി ബലപ്പെടുത്താതിനെ തുടർന്ന് വെള്ളം ഒഴുകി റോഡ് പലയിടത്തും തകരുകയാണ്.
പൈപ്പ് സ്ഥാപിക്കൽ പ്രവൃത്തി നടത്തിയ കരാറുകാർക്ക് പണം നൽകാതെ വന്നതോടെ പണി നിർത്തി പോകുകയായിരുന്നു. ഇതേതുടർന്ന് എട്ടുമാസമായി പൈപ്പിടൽ ഉൾപ്പടെയുള്ള പ്രവൃത്തികൾ നിലച്ചിരിക്കുകയാണ്. അഞ്ചുവർഷം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതി കഴിഞ്ഞവർഷം പൂർത്തീകരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും എവിടെയുമെത്താത്ത നിലയിലാണ്.
പദ്ധതിക്കായി മലയോര മേഖലയുടെ പല ഭാഗത്തായി റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന ലക്ഷങ്ങൾ വിലയുള്ള പൈപ്പുകൾ വർഷങ്ങളായി വെയിലും മഴയുമേറ്റ് കാടുമൂടിക്കിടക്കുകയാണ്.