രേഖകളില്ലാതെ കടത്തിയ 1900 ലിറ്റർ ഡീസൽ പിടിച്ചു
1575543
Monday, July 14, 2025 1:57 AM IST
മാഹി: പള്ളൂരിൽ രേഖകളില്ലാതെ കടത്തിയ 1900 ലിറ്റർ ഡീസൽ വാഹന പരിശോധനയിൽ പിടിച്ചു. ബൈപ്പാസിൽ ഈസ്റ്റ് പള്ളൂരിലെ ജിയോ പെട്രോൾ പമ്പിന് സമീപത്ത് ശനിയാഴ്ച രാത്രിയിൽ പള്ളൂർ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിക്കപ്പ് വാനിൽ കോഴിക്കോട്ടേക്ക് രേഖകളില്ലാതെ കടത്തിയ 1900 ലിറ്റർ ഡീസൽ പിടികൂടിയത്.
മാഹിയിൽ നിന്ന് അനധികൃതമായി ഇന്ധനം കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മാഹി സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ നിരീക്ഷണവും വാഹന പരിശോധനയും കർശനമാക്കിയിരുന്നു. 11 ബാരലിലും രണ്ടു കാനിലുമായി ഒന്നരലക്ഷം രൂപയുടെ ഡീസലാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
പിക്കപ്പ് ഡ്രൈവർ മലപ്പുറം സ്വദേശി അടാട്ടിൽ ഹൗസിൽ അബ്ദുൾ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ധനം കടത്താനുപയോഗിച്ച വാടനവും കസ്റ്റഡിയിലെടുത്തു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് സിഐ അനിൽകുമാർ അറിയിച്ചു. പള്ളൂർ എസ്ഐ സുരേഷ് ബാബു, കോൺസ്റ്റബിൾ ഭുവനേഷ്, ഡ്രൈവർ അഖിലേഷ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.