കൂട്ടുമുഖം താഴെ പാലം നാടിന് സമർപ്പിച്ചു
1575804
Tuesday, July 15, 2025 1:05 AM IST
കണ്ണൂർ: വികസനം ഗ്രാമങ്ങളിൽ നിന്ന് തുടങ്ങണമെന്നും ഗ്രാമങ്ങൾ വികസിക്കുമ്പോൾ മാത്രമാണ് രാജ്യം വികസിക്കുന്നതെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി. കൂട്ടുമുഖം താഴെ പാലം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശ്രീകണ്ഠപുരം നഗരസഭാ വാർഡ് കൗൺസിലർ വി.വി. ജമുന അധ്യക്ഷത വഹിച്ചു.
രാജ്യസഭ എംപിയായ ഡോ. ജോൺ ബ്രിട്ടാസിന്റെ 2022-23 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ ചെലവഴിച്ചാണ് പാലത്തിന്റെ പണി പൂർത്തീകരിച്ചത്. കൂട്ടുമുഖത്തു നിന്നും കോളേരി വയൽ, കൊയിലി എന്നിവിടങ്ങളിലേക്ക് ഏറ്റവും വേഗത്തിലെത്താനാവുന്ന റോഡാണിത്. പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ പ്രദേശത്തെ 150 ഓളം വീട്ടുകാരുടെ യാത്രാദുരിതം അവസാനിച്ചു.
പാലത്തിനോട് ചേർന്നുള്ള 150 മീറ്റർ അപ്പ്രോച്ച് റോഡ് ടാർ ചെയ്യുന്നതിനായി ഫണ്ട് അനുവദിക്കുന്നതിനായി പ്രദേശവാസികൾ എംപി ക്ക് നിവേദനം നൽകി. പാലത്തിന്റെ നിർമാണ പ്രവൃത്തികൾ ദ്രുതഗതിയിൽ പൂർത്തിയാക്കിയ കോൺട്രാക്ടർ ഹംസക്കുട്ടിക്കും പാലം നിർമാണത്തിനായി നഗരസഭയ്ക്ക് സ്ഥലം വിട്ടുനൽകിയ മുഹമ്മദ് കുഞ്ഞിക്കും എംപി ഉപഹാരം നല്കി.
വാർഡ് മെംബർമാരായ വിജിൽ മോഹനൻ, കെ.ഒ. പ്രദീപൻ, വി.സി. രവീന്ദ്രൻ, പി. മീന, ഇ.വി. തങ്കമണി, കെ. ഷൈജു, വിവിധ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.