റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ചു; ഇൻസ്പെക്ടർക്ക് പരിക്ക്
1575795
Tuesday, July 15, 2025 1:05 AM IST
ആലക്കോട്: വെള്ളാട് ഫർലോംഗ്കര അംബേദ്കർ ഉന്നതിയിൽവച്ച് ചാരായവും വാഷുമായി പിടിയിലായ ആളെ എക്സൈസ് സംഘത്തെ ആക്രമിച്ച് മോചിപ്പിക്കാൻ ശ്രമം. പത്തംഗസംഘം നടത്തിയ ആക്രമണത്തിൽ എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബിന് പരിക്കേറ്റു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ഉന്നതി കേന്ദ്രീകരിച്ച് ചാരായവാറ്റും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു ആലക്കോട് എക്സൈസ് സംഘം ഉന്നതിയിലെത്തിയത്. എക്സൈസ് സംഘം എത്തിയതിനു പിന്നാലെ കാറിൽ മൂന്നര ലിറ്റർ ചാരായവും പത്തു ലിറ്റർ വാഷുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെ ഇവിടുത്തെ താമസക്കാരനായ പി. ബിജേഷിനെ കസ്റ്റഡിയിലെടുത്തിരുന്നു.
ഇയാളെ എക്സൈസ് ഓഫീസിലേക്ക് കൊണ്ടുപോകാനിരിക്കെ മനു, സേതു, സി.കെ. രഞ്ജിത്ത്, മഹേഷ് എന്നിവരുടെ നേതൃത്വത്തിൽ കണ്ടാലറിയാവുന്ന പത്തംഗസംഘം എക്സൈസ് ഉദ്യോഗസ്ഥരെ തടയുകയും പ്രതിയെ മോചിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇത് പ്രതിരോധിക്കുന്നതിനിടെയാണ് ഇൻസ്പെക്ടർ നസീബിനെ ആക്രമിച്ചത്. നസീബിന്റെ കാലിനാണ് പരിക്ക്.
വിവരമറിഞ്ഞ് ആലക്കോട് പോലീസ് എത്തിയാണ് എക്സൈസ് സംഘത്തെ അക്രമികളിൽനിന്നു രക്ഷിച്ചത്. പോലീസെത്തിയതോടെ അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു.
പ്രതികൾക്കായി പോലീസും എക്സൈസും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ചാരായവും വാറ്റുമായി അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്. നസീബിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.
കസ്റ്റഡിയിലുള്ള പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചതിനും ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടഞ്ഞ് ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. അഹമ്മദ്, വി.വി. ബിജു, പ്രിവന്റീവ് ഓഫീസർ സി. പ്രദീപ് കുമാർ, സിവിൽ ഓഫീസർമാരായ വി. ധനേഷ്, വി. ശ്രീജിത്ത്, റിജിൽ കുമാർ, കെ.പി. വിനീത, എം. മുനീറ എന്നിവരായിരുന്നു എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.