നിർമാണത്തിലിരിക്കെ വീടിന്റെ സൺഷേഡ് തകർന്നു; രണ്ടു പേർക്ക് പരിക്ക്
1575803
Tuesday, July 15, 2025 1:05 AM IST
കൂത്തുപറമ്പ്: മൂര്യാട് നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷേഡ് തകർന്ന് കൊൽക്കൊത്ത സ്വദേശികളായ രണ്ടു തൊഴിലാളികൾക്ക് പരിക്ക്. വീടിന്റെ കോൺക്രീറ്റ് നടത്തുന്നതിനിടെ രണ്ടാം നിലയുടെ സൺ ഷേഡ് തകർന്നാണ് അപകടമുണ്ടായത്. ഇന്നലെ രാവിലെ 11.30 യോടെയായിരുന്നു സംഭവം.
മൂര്യാട് സെൻട്രൽ യുപി സ്കൂളിന് സമീപത്തെ പി. ഷമീറിന്റെ ഇരുനില വീടിന്റെ സൺ ഷേഡാണ് തകർന്നത്. സൺ ഷേഡിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ താഴെ വീഴുകയായിരുന്നു. സംഭവം കണ്ട് ഓടിമാറിയതിനാൽ മറ്റു തൊഴിലാളിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാലിന് സാരമായി പരിക്കേറ്റ തൊഴിലാളിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.