ക്ഷീരമേഖലയെ തകർക്കരുത്: ആർകെഎംഎസ്
1575550
Monday, July 14, 2025 1:57 AM IST
പയ്യാവൂർ: നിർദിഷ്ട ഇൻഡോ-അമേരിക്ക വ്യാപാരകരാർ നടപ്പാക്കിയാൽ രാജ്യത്തെ ക്ഷീരമേഖല തകരുമെന്ന് രാഷ്ട്രീയ കിസാൻ മഹാ സംഘ് (ആർകെഎംഎസ്) സംസ്ഥാന ചെയർമാൻ ബിനോയ് തോമസ്. ആർകെഎംഎസ് കണ്ണൂർ ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരാർ നടപ്പായാൽ പാൽക്കട്ടി, പാൽപ്പൊടി എന്നിവ വ്യാപകമായ തോതിൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടും. ഇത് രാജ്യത്തെ പതിനഞ്ചു കോടിയോളം വരുന്ന ക്ഷീരകർഷകരുടെ തകർച്ചയിലേക്കാണ് നയിക്കപ്പെടുക. ഗാട്ട്, ആസിയാൻ കരാറുകളുടെ ഭാഗമായി ഇറക്കുമതി തീരുവ വലിയ തോതിൽ കുറച്ചതിനെ തുടർന്ന് നാണ്യവിളകളുടെ വിലയിടിവ് കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കേരളത്തിലെ ക്ഷീരമേഖല തകർന്നാൽ ലക്ഷക്കണക്കിന് ക്ഷീരകർഷകരെ മാത്രമല്ല മിൽമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ കുടുംബങ്ങളും അനാഥമായിത്തീരും. അതിനാൽ ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ കർഷകരുടെ നടുവൊടിക്കുന്ന നിർദിഷ്ട ഇൻഡോ-അമേരിക്ക വ്യാപാര കരാറിൽ നിന്ന് ഇന്ത്യ പിന്മാറണമെന്നും ബിനോയ് തോമസ് ആവശ്യപ്പെട്ടു.
ജില്ലാ ചെയർമാൻ സണ്ണി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഗാന്ധിയൻ കളക്ടീവ് സംസ്ഥാന ചെയർമാൻ സണ്ണി പൈകട മുഖ്യാതിഥിയായിരുന്നു. വിവിധ സംഘടനാ നേതാക്കളായ കുര്യാക്കോസ് പുതിയിടത്തുപറമ്പിൽ, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ഗർവാസിസ് കല്ലുവയൽ, ജോസഫ് വടക്കേക്കര, ടി.ജെ. ദേവസ്യ, പീറ്റർ പുത്തൻപറമ്പിൽ, കെ.വി. ചാക്കോ, എം.വി. ലീലാമ്മ, എം.ജെ. ജോസഫ്, ജോയി ഉളിക്കൽ, കെ.വി. ശാന്തകുമാരി, റെജി വെള്ളറയ്ക്കൽ, ബിനോയി പുത്തൻനടയിൽ, അമൽ പുളിയ്ക്കൽ എന്നിവർ പ്രസംഗിച്ചു.