ആനപ്പന്തി പാലം കോൺക്രീറ്റ് കഴിഞ്ഞു; പാലത്തിലൂടെ നടവഴി തുറന്നുകൊടുത്തു
1575560
Monday, July 14, 2025 1:57 AM IST
ഇരിട്ടി: മലയോര ഹൈവേയിൽ ആനപ്പന്തിയിൽ കുണ്ടൂർ പുഴയ്ക്ക് കുറുകെ നിർമിക്കുന്ന പുതിയ പാലത്തിന്റെ കോൺക്രീറ്റ് പൂർത്തിയായി. പാലത്തിന് മുകളിലൂടെ താത്കാലിക നടവഴി തുറന്നുകൊടുത്തു. മലയോര ഹൈവേ നവീകരണ ഭാഗമായി കുണ്ടൂർ പുഴയിലെ പഴയ പാലം പൊളിച്ചാണ് പുതിയ പാലം നിർമിക്കുന്നത്.
ആറുമാസം മുന്പാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. നിർമാണം വൈകിയതോടെ മലവെള്ളപ്പാച്ചിലിൽ പുഴയ്ക്ക് കുറുകെ നിർമിച്ച സമാന്തര പാത ഒഴുകിപ്പോയിരുന്നു. അതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടുകയായിരുന്നു.
ജനങ്ങളുടെ സൗകര്യാർഥം കരാറുകാരൻ താത്കാലിക നടപ്പാലം നിർമിച്ചെങ്കിലും അതും മലവെള്ളപ്പാച്ചിലിൽ അപകടാവസ്ഥയിൽ ആയിരുന്നു. തുടർന്നാണ് രണ്ടുദിവസം മുന്പ് കോൺക്രീറ്റ് പൂർത്തിയായ പാലത്തിലൂടെ താത്കാലിക നടവഴി തുറന്ന് കൊടുത്തത്. ഓഗസ്റ്റ് 15 ഓടെ പാലം തുറന്ന് കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.