ഡിഎഡബ്ല്യുഎഫ് പെരിങ്ങോം ഏരിയാ കൺവൻഷൻ
1575556
Monday, July 14, 2025 1:57 AM IST
പെരിങ്ങോം: ഭിന്നശേഷിക്കാർക്ക് ജനപ്രാതിനിധ്യ സഭകളിൽ സംവരണം ഏർപ്പെടുത്തണമെന്ന് ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ (ഡിഎഡബ്ള്യുഎഫ്) പെരിങ്ങോം ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന പെൻഷൻ 5,000 രൂപ വീതമാക്കി വർധിപ്പിക്കണമെന്നും കേന്ദ്ര സർക്കാർ നൽകുന്ന പെൻഷൻ 40 ശതമാനത്തിനു മുകളിൽ ഭിന്നശേഷിത്വമുള്ള മുഴുവൻ ആളുകൾക്കും ലഭ്യമാക്കുക, ഭിന്നശേഷിക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾക്ക് കുടുംബ വരുമാനം പരിഗണിക്കാതെ ഭിന്നശേഷിക്കാരുടെ വ്യക്തിഗത വരുമാനം മാത്രം പരിഗണിക്കുക, ഭിന്നശേഷിക്കാർക്കുള്ള സ്വകാര്യ ബസ് യാത്രാ സൗജന്യത്തിനുള്ള പാസ് വിതരണം പയ്യന്നൂർ ആർടിഒ ഓഫീസിൽ ആരംഭിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം പ്രമേയത്തിലൂടെ ഉന്നയിച്ചു.
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് സി.എം. സുധീഷ്കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിഎഡബ്ല്യുഎഫ് ഏരിയാ പ്രസിഡന്റ് എം. സുധീർ അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി രാജേഷ്കുമാർ കാങ്കോൽ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ലീലാമ്മ റോജി വരവു-ചെലവു കണക്കും ജില്ലാ പ്രസിഡന്റ് എ. ഷിജു സംഘടനാ റിപ്പോർട്ടും ഏരിയാ ജോയിന്റ് സെക്രട്ടറി ലാലമ്മ ജോർജ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ഡിഎഡബ്ല്യുഎഫ് ജില്ലാ കമ്മറ്റി അംഗങ്ങളായ പി.സി. മൊയ്തു, പി.വി. ശങ്കരൻ, ഏരിയാ രക്ഷാധികാരി കെ.ബി. ബാലകൃഷ്ണൻ, സിപിഎം ഏരിയാ സെക്രട്ടറി പി. ശശിധരൻ, സിപിഎം ഏരിയാ കമ്മറ്റിയംഗം കെ.ഡി. അഗസ്റ്റിൻ, സംഘാടക സമിതി ചെയർമാൻ എൻ.വി. സുജിത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം. സുധീർ-പ്രസിഡന്റ്, കെ.വി. ദാമോദരൻ, സി. സുപ്രിയ-വൈസ് പ്രസിഡന്റുമാർ, രാജേഷ് കുമാർ കാങ്കോൽ-സെക്രട്ടറി, പ്രമോദ് അന്നൂക്കാരൻ, കെ.വി. ശീതള-ജോയിന്റ് സെക്രട്ടറിമാർ.