ഈ മനോഹര പാലത്തിൽ തരുമോ ഇനിയൊരു ടാറിംഗ് കൂടി...
1575790
Tuesday, July 15, 2025 1:05 AM IST
പാലാവയൽ: പുളിങ്ങോം-പാലാവയൽ പാലത്തിനു മുന്നിലെത്തുമ്പോൾ ഇപ്പോൾ നാട്ടുകാരുടെയെല്ലാം മനസിൽ ആദ്യം വരുന്നത് പാലാവയലിൻ ചാരെയുണ്ടൊരു പാലം എന്ന പാട്ടാണ്. ചന്ദ്രകളഭം ചാർത്തിയുണരും തീരം എന്ന നിത്യഹരിതഗാനത്തിന്റെ ഈണത്തിൽ പാലാവയലിലെ ഓട്ടോഡ്രൈവറായ ജോബി കുന്നുംപുറത്ത് ആക്ഷേപഹാസ്യ രൂപത്തില്‍ വരികളെഴുതി പാടി സമൂഹമാധ്യമങ്ങളിൽ വൈറലാക്കിയ പാട്ട്. ഈ മനോഹര പാലത്തിൽ തരുമോ ഇനിയൊരു ടാറിംഗ് കൂടി എന്നാണ് ചെറുപുഴ പഞ്ചായത്തിനോട് ജോബിയുടെ പാട്ടിലൂടെയുള്ള അഭ്യർഥന.
ജില്ലയുടെ നീന്തൽഗ്രാമമായ പാലാവയലിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഈയൊരു പാലത്തിന് മീതെയല്ലാതെ നീന്തൽക്കുളങ്ങളുണ്ടോ എന്നും നടുവൊടിയാതെ ഇവിടെ വാഹനമോടിച്ചവരുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ കേൾവിക്കാരിൽ ചിരിയും ചിന്തയും ഉണർത്തുന്നതാണ്. ഈസ്റ്റ് എളേരി പഞ്ചായത്തിലെ പാലാവയൽ, ഓടക്കൊല്ലി, തയ്യേനി പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുളിങ്ങോം ഭാഗത്തേക്ക് പോകാനുള്ള ഏക മാര്‍ഗമാണ് ഈ പാലം.
റോഡും പാലവും ഏറ്റവുമധികം ആവശ്യമുള്ളത് ഈ ഭാഗത്തുനിന്നുള്ളവര്ക്കാണെങ്കിലും പാലം സ്ഥിതി ചെയ്യുന്നത് ചെറുപുഴ പഞ്ചായത്തിന്റെ പരിധിയിലാണ്. പാലത്തിന്റെ മുകളില്‍ നാളുകളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് നേരത്തേ ഒരുതവണ ചെറുപുഴ പഞ്ചായത്ത് ടെൻഡർ നല്‍കിയിരുന്നതാണ്. എന്നാല്‍, കരാറുകാരന് പണി തുടങ്ങാന്‍ തയാറായി വന്നപ്പോള്‍ ഒരു വിഭാഗം ആളുകള്‍ ചില സാങ്കേതികവിഷയങ്ങൾ ഉന്നയിച്ച് അത് തടസപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം പാലത്തില്‍ അറ്റകുറ്റപ്പണികളൊന്നും നടന്നിട്ടില്ല.
പാലത്തിലൂടെയുള്ള കാൽനടയാത്ര പോലും ഇപ്പോള്‍ ദുഷ്കരമായിരിക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ജനകീയ സഹകരണേത്തോടെ പണിത പാലത്തിന് ചെറുവാഹങ്ങൾക്ക് കടന്നുപോകാവുന്ന വീതി മാത്രമാണുള്ളത്. ഇതിനിടയിൽ സ്കൂള്‍ കുട്ടികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ ദുരിതമനുഭവിക്കുന്നുണ്ട്. ഇവിടെ കൂടുതല്‍ വീതിയില്‍ പുതിയൊരു പാലം നിര്‍മിക്കണമെന്ന ആവശ്യവും ഏറെക്കാലമായി ഉയരുന്നുണ്ട്.