റിവർ വ്യൂ പോയിന്റിലെ അക്രമത്തിൽ ശുഹൈബ് വധക്കേസ് പ്രതിയും
1575793
Tuesday, July 15, 2025 1:05 AM IST
ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയിന്റിൽ വാഹനങ്ങളിലെത്തിയ സായുധസംഘം പ്രദേശവാസികളെ ആക്രമിച്ച സംഭവത്തിൽ കൊലക്കേസ് പ്രതിയുൾപ്പടെ15 പേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇരിട്ടി പോലീസ് കേസെടുത്തു. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബ് കൊലക്കേസിലെ പ്രതി ദീപ്ചന്ദ്, അട്ടാപ്പി, സുജീഷ് എന്നിവരടക്കം കണ്ടാലറിയാവുന്ന 15 പേർക്കെതിരേയാണ് കേസ്. പ്രതികൾ ഒളിവിലാണ്.
ഞായറാഴ്ച രാത്രി ഏഴോടെ ആയുധങ്ങളുമായി മൂന്നു വാഹനങ്ങളിലെത്തിയ സംഘം റിവർ വ്യൂ പോയിന്റിൽ നേരിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദേശവാസികളായ ഷാജി കുറ്റിയാടൻ (47), കെ.കെ. സുജിത്ത് (38), ആർ.വി. സതീശൻ (42), കെ. ജിതേഷ് (40 ), പി. രഞ്ജിത് (29) എന്നിവരെ തലശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. അക്രമിസംഘം തിരിച്ചുപോകുന്നതിനിടെ ചിലരെ വാഹനം കൊണ്ട് ഇടിച്ചിടുകയും ചെയ്തു.
ഇതിനിടെ സംഘം സഞ്ചരിച്ച വാഹനങ്ങളിൽ ഒന്ന് നിയന്ത്രണംവിട്ട് വയലിലേക്ക് മറിഞ്ഞു. അപകടത്തിൽപെട്ട വാഹനം ഉപേക്ഷിച്ച സംഘം മറ്റു വാഹനങ്ങളിൽ കയറിയാണ് സ്ഥലത്തുനിന്നും രക്ഷപ്പെട്ടത്. ഫോറിൻസിക് സംഘം എത്തി വാഹനം പരിശോധിച്ച ശേഷം പോലീസ് കസ്റ്റഡിയിലേക്ക് മാറ്റും. ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ സ്ഥലത്ത് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അക്രമികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രദേശവാസികൾ പറയുന്നത് ഇങ്ങനെ: നിരവധി സന്ദർശകർ എത്തുന്ന പ്രദേശമാണ് റിവർ വ്യൂ പോയിന്റ്. അവധി ദിവസമാണെങ്കിൽ മഴയെ പോലും വകവയ്ക്കാതെയാണ് ജനം ഇവിടേക്ക് എത്തുന്നത്. സന്ദർശകർ ചിലരുമായി പലപ്പോഴും വാക്ക് തർക്കങ്ങളും പതിവാണ്. ഞായറാഴ്ച വൈകുന്നേരം നാലോടെ കുടുംബമായി എത്തിയ സന്ദർശകരെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് ശല്യം ചെയ്തു. അതിനെ കുടുംബാംഗങ്ങൾ ചോദ്യം ചെയ്യുകയും ശല്യപ്പെടുത്തിയവരെ മർദിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇരുകൂട്ടരും ഇവിടെനിന്നും പിരിഞ്ഞുപോയിരുന്നു. തുടർന്ന് വൈകുന്നേരം ഏഴോടെ എത്തിയ ഗുണ്ടാസംഘം മാരകായുധങ്ങളുമായെത്തി പ്രദേശവാസികളെ ആക്രമിക്കുകയായിരുന്നു. നേരത്തെ നടന്ന മർദനത്തിൽ പ്രദേശവാസികൾക്ക് പങ്കുണ്ട് എന്നു സംശയിച്ചായിരുന്നു ഗുണ്ടാസംഘത്തിന്റെ പരാക്രമം .
വഴിയടച്ച് നാട്ടുകാർ
ഇരിട്ടി: സംഭവത്തിൽ പ്രതിഷേധിച്ച് റിവർ വ്യൂ പോയിന്റിലേക്കുള്ള വഴി നാട്ടുകാർ അടച്ചു. ഇവിടേക്കുള്ള ഗേറ്റ് അടച്ചു പൂട്ടിയും വടം കെട്ടിയുമാണ് പ്രവേശനം തടഞ്ഞത്.
പുറമെനിന്നെത്തി അരാജകത്വം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വിനോദ സഞ്ചാരത്തിന്റെ മറവിൽ എടക്കാനം റിവർവ്യൂ പോയിന്റിൽ നടക്കുന്ന മദ്യ-മയക്കുമരുന്നു മാഫിയകളുടെ വിളയാട്ടം അവസാനിപ്പിച്ച് പ്രദേശത്ത് സമാധാന ജീവിതം ഉറപ്പുവരുത്താൻ പോലീസ്, എക്സൈസ്, മോട്ടോർ വാഹന വകുപ്പുകൾ കർശന നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
റിവർവ്യൂ പോയന്റിലേക്കുള്ള വഴി നാട്ടുകാർ അടച്ചുപൂട്ടിയതറിയാതെ നിരവധി സന്ദർശകർ ഇവിടേക്ക് ഇപ്പോഴും എത്തുന്നുണ്ട്. ഇങ്ങനെ എത്തുന്നവരെ നാട്ടുകാർ തന്നെ മടക്കി അയയ്ക്കുകയാണ്. രാത്രി വൈകിയും യാതൊരു നിയന്ത്രണവും ഇല്ലാതെ സന്ദർശകർ എത്തുന്നതും സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതും സന്ദർശകർക്ക് തോന്നുംപോലെ പ്രവർത്തിക്കുന്നതിന് കാരണമാകുന്നുവെന്നാണ് പ്രദേശവാസികളുടെ പരാതി.
സ്ഥലം ഇറിഗേഷന്റേത്
റിവർവ്യൂ പോയിന്റ് മനോഹരവും അതിലേറെ അപകടം നിറഞ്ഞതുമായ സ്ഥലമാണ്. പഴശി ഇറിഗേഷന്റെ അധീനതയിൽ ഉള്ള സ്ഥലത്ത് അനുവാദമില്ലാതെയാണ് ഇത്തരം പ്രവർത്തികൾ നടക്കുന്നത്. യാതൊരു പരിശോധനയോ നിയന്ത്രണങ്ങളോ ഇല്ലാത്ത സ്ഥലത്ത് സന്ദർശകർ തോന്നുമ്പോലെയാണ് പെരുമാറുന്നത്. ലഹരി വസ്തുക്കളുടെ ഉപയോഗം ഉൾപ്പെടെ അസാന്മാർഗിക പ്രവർത്തികൾ ഇവിടെ വർധിച്ചുവരികയാണ്.
വളർത്തുമൃഗങ്ങൾക്ക്
നേരെയും അക്രമം
റിവർവ്യൂ പോയന്റിൽ എത്തുന്ന സന്ദർശകരുടെ ആക്രമണം വളർത്തു മൃഗങ്ങൾക്ക് നേരെയും. പദ്ധതി പ്രദേശത്ത് മേയാൻ കെട്ടിയിരിക്കുന്ന പശുക്കളെ ഉൾപ്പെടെ ഉപദ്രവിച്ച ശേഷം അഴിച്ചുവിട്ട് വേദനയോടെ ഓടുന്ന മൃഗങ്ങളുടെ വീഡിയോ എടുത്ത് റീൽസ് ഇടുന്നതായും പരാതിയുണ്ട്. ഉടമസ്ഥർ എത്തുമ്പോൾ പലപ്പോഴും മേയാൻ കെട്ടിയിരുന്ന പശുക്കളെ ഉൾപ്പെടെ അടുത്തുള്ള കൃഷി സ്ഥലത്തു നിന്നാണ് ലഭിക്കാറുള്ളത്.
സമീപ പ്രദേശത്തെ സ്ത്രീകൾ ആരും ഇവിടേക്ക് ഇപ്പോൾ പോകാറില്ല. കുടുംബവുമായി എത്തുന്ന നല്ല സന്ദർശകർ ഉണ്ടെങ്കിലും അതെല്ലാം നശിപ്പിക്കുന്ന രീതിയിലാണ് ഒരുപറ്റം സാമൂഹ്യ വിരുദ്ധരു ടെ പ്രവർത്തനം.
‘വടിവാളുകളുമായി എത്തി...
കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി’
ഇരിട്ടി: വീടിനുള്ളിൽ നിന്ന് പുറത്തേക്കു വരാതെ വാതിലിന് പിന്നിൽ പകുതി മറഞ്ഞുനിന്ന് ചില അപ്രിയ സത്യങ്ങൾ വിളിച്ചുപറയുമ്പോൾ സുജിനയുടെ കണ്ണുകളിൽ ഭയം തളം കെട്ടി നിൽക്കുന്നുണ്ട്. വടിവാളുമായി പാഞ്ഞടുത്ത അക്രമി സംഘത്തിന് മുന്നിൽപെട്ട വീട്ടമ്മ സുജിനയുടെ വാക്കുകൾ അധികാരികൾ കേൾക്കാതെ പോകരുത്. സുജിന പറയുന്നതിങ്ങനെ: വലിയ ശബ്ദം കേട്ട് ഓടിയെത്തുമ്പോൾ സഹോദരനെ ഉൾപ്പെടെയുള്ള നാട്ടുകാരെ 20 ഓളം പേർ ചേർന്ന് ആക്രമിക്കുന്നതാണ് കണ്ടത്. വീടിന്റെ മുറ്റംവരെ എത്തിയ അക്രമികൾ വടിവാൾ ഉൾപ്പെടെയുള്ള മാരക ആയുധങ്ങളുമായെത്തി കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
അക്രമികളിൽ ആരെയും മുന്പ് കണ്ട് പരിചയം ഉള്ള ആളുകളായിരുന്നില്ല. കണ്ണിൽ കണ്ടവരെ എല്ലാവരെയും അവർ ക്രൂരമായി മർദിച്ചു. കുറച്ചു മാസങ്ങളായി പ്രദേശം വിനോദ സഞ്ചാരത്തെക്കാൾ മറ്റുപല സാമൂഹ്യ ദ്രോഹികളുടെ കേന്ദ്രമായിരിക്കുകയാണ്. സന്ദർശകരായി എത്തുന്നവർ പലപ്പോഴും പരസ്പരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവാണ്. പലരും ലഹരി ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ച ശേഷമാണ് എത്തുന്നത്.
സന്ദർശകർ എത്തുന്നത് നല്ലതാണ്. പക്ഷെ പ്രദേശവാസികളുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. പ്രദേശമാകെ മാലിന്യം നിക്ഷേപിക്കുന്നതും പതിവാണ്. സഹോദരൻ ഉൾപ്പെടെ ചികിത്സയിലാണ്. എല്ലാവർക്കും അവരുടെ രാഷ്ട്രീയം ഉണ്ടെങ്കിലും പ്രദേശവാസികൾ എല്ലാവരും എല്ലാകാര്യത്തിനും ഒറ്റക്കെട്ടാണ്. അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങൾ ഒറ്റക്കെട്ടായി നേരിടും. കുടുംബമായി ജീവിക്കുന്ന ഞങ്ങൾക്ക് ഇവിടെ നടക്കുന്നത് പലതും വെളിയിൽ പറയാൻ കഴിയില്ലെന്നും സുജിന പറയുന്നു.