നിമിഷപ്രിയയുടെ മോചനത്തിന് സമ്മർദ്ദം ചെലുത്തണം: കത്തോലിക്ക കോൺഗ്രസ്
1575004
Saturday, July 12, 2025 2:31 AM IST
തലശേരി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒത്തുചേർന്ന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. നിമിഷപ്രിയ സ്വന്തം ജീവൻ രക്ഷിക്കാൻ നടത്തിയ ശ്രമത്തിനിടയിലാണ് യമൻ പൗരൻ മരിച്ചത്.
എത്രയോ വർഷങ്ങളായി നിമിഷപ്രിയ ജയിലിൽ കഴിയുകയാണ്. നമ്മുടെ രാജ്യത്തെ ഒരു പൗര മറ്റൊരു രാജ്യത്തിന്റെ നിയമത്തിന്റെ ഭാഗമായി തൂക്കിലേറ്റപ്പെടുകയെന്ന് പറയുന്നത് നമ്മുടെ രാജ്യത്തിന്റെ നയതന്ത്രത്തിലെ പാളിച്ചയാണ്. അമേരിക്ക പോലെയുള്ള സമ്പന്ന രാജ്യങ്ങളിലെ പൗരന്മാർ ആണെങ്കിൽ അവർ എന്തു വിലകൊടുത്തും തങ്ങളുടെ പൗരന്മാരെ രക്ഷിച്ചു കൊണ്ടുവരും.
അത് മുൻകാലങ്ങളിൽ നമ്മൾ കണ്ടിട്ടുള്ളതാണ്. ലോകത്ത് മൂന്നാം ശക്തിയായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്ന് കൊട്ടിഘോഷിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ നൊമ്പരമായി മാറുകയാണ്. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ആത്മാർഥതയോടെ ഇടപെടാത്തതാണ് കോടതി വഴി കഴിഞ്ഞദിവസം ഒരു നീക്കം നടന്നിട്ടുള്ളത്.
കേന്ദ്രസർക്കാർ ഉടൻ ഈ വിഷയത്തിൽ ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, വൈസ് പ്രസിഡന്റുമാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ, ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി മെംബർ ബെന്നി പുതിയാംപുറം, ഗ്ലോബൽ സെക്രട്ടറിമാരായ ഷീജ കാറുകുളം, പീയൂസ് പറയിടം, അതിരൂപത സെക്രട്ടറിമാരായ ജയിംസ് ഇമ്മാനുവേൽ, കെ.എ.ജോസഫ്, രാജീവ് കണിയാന്തര, ജോർജ് വലിയമുറത്താങ്കൽ ഫൊറോന പ്രസിഡന്റുമാരായ മാത്യു വള്ളോംകോട്ട്, സാജു പടിഞ്ഞാറേട്ട്, സാജു പുത്തൻപുര, ജോസഫ് മാത്യു കൈതമറ്റം, തോമസ് ഒഴുകയിൽ, ബേബി കോയിക്കൽ എന്നിവർ പ്രസംഗിച്ചു.