മണ്ണിനെയും കൃഷിയെയും അടുത്തറിഞ്ഞ് വിദ്യാർഥികൾ
1575562
Monday, July 14, 2025 1:57 AM IST
കണ്ണൂർ: ക്ലാസ് മുറിയുടെ നാലു ചുമരുകൾക്കും പാഠപുസ്തകങ്ങളുടെ താളുകൾക്കുമപ്പുറം മണ്ണിനെയും കൃഷിയെയും അനുഭവിച്ചറിഞ്ഞ് വിദ്യാർഥികൾ. കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി കാർഷിക ക്ലബുമായി സഹകരിച്ച് നടത്തിയ "മണ്ണേ നമ്പി' കാർഷിക പാഠശാലയാണ് വിദ്യാർഥികൾക്ക് പ്രകൃതിയെ നേരിട്ടറിയാൻ അവസരമൊരുക്കിയത്. മയ്യിൽ മേച്ചേരി പാടശേഖരസമിതി അംഗങ്ങളും മയ്യിൽ പഞ്ചായത്ത് കുടുംബശ്രീ പ്രവർത്തകരും കൂട്ടായി എത്തിയപ്പോൾ വിദ്യാർഥികൾക്ക് മണ്ണിനെയും കൃഷിയെയും മഴയെയും നാട്ടു നന്മകളെയും പരിചയപ്പെടാനുള്ള അപൂർവ അവസരമാണ് ലഭിച്ചത്.
മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി. അജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.വി. രവി അധ്യക്ഷത വഹിച്ചു. പ്രഥമ ഷാജൂ പനയൻ സ്മാരക പുരസ്ക്കാര ജേതാവും നാട്ടിപാട്ട് കലാകാരിയുമായ പയ്യാടകത്ത് ദേവി നാട്ടിപ്പാട്ടുകളും കർഷക പുരസ്കാര ജേതാക്കളായ പി.വി. കാർത്യായനി, ലക്ഷ്മണൻ കുന്നുമ്പ്രത്ത് എന്നിവർ കൃഷി അനുഭവങ്ങളും അറിവുകളും പങ്കുവച്ചു.
നാട്ടറിവ് പാട്ടുകൾക്ക് നാട്ടുകലാകാരക്കൂട്ടം ജില്ലാ പ്രസിഡന്റ് കുട്ടാപ്പു കതിരൂർ, പ്രജീഷ് കുറ്റ്യാട്ടൂർ, അഭി മുഴപ്പിലങ്ങാട് എന്നിവർ നേതൃത്വം നൽകി. വയൽ നടത്തം, സൊറവരമ്പ്, നിലമൊരുക്കൽ, ഞാറുനടീൽ, ചെളിയുത്സവം, കപ്പേം കാപ്പീം, കഞ്ഞിയും പുഴുക്കും എന്നിവയും പാഠശാലയുടെ ഭാഗമായി ഒരുക്കിയിരുന്നു. സ്കൂളിലെ 57 വിദ്യാർഥികളും മൂന്ന് അധ്യാപകരും അഞ്ച് രക്ഷിതാക്കളും അടങ്ങുന്ന സംഘമാണ് "മണ്ണേ നമ്പി' പാഠശാലയിൽ പങ്കെടുത്തത്. സാംസ്കാരിക പ്രവർത്തകനും ദേശീയ അധ്യാപക പുരസ്കാര ജേതാവുമായ രാധാകൃഷ്ണൻ മാണിക്കോത്ത്, അധ്യാപകരായ ഫാ. ബാസ്റ്റിൻ ജോസ്, ഫാ. സ്റ്റീവൻസൻ, എ. സജിത്ത് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളായ അമൻ എൽ. ബിനോയ്, സൂര്യദേവ് രാജേഷ്, പി. അർജുൻ, ശ്രാവൺ, ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി.