വായന മാസാചരണം; ജില്ലാതല ക്വിസിൽ ഋതുനന്ദ വിജയി
1575440
Sunday, July 13, 2025 8:55 AM IST
കണ്ണൂർ: ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ ശിവപുരം എച്ച്എസ്എസിലെ പത്താംക്ലാസ് വിദ്യാർഥിനി ഋതുനന്ദ സുജിത്ത് ഒന്നാം സ്ഥാനം നേടി.
മയ്യിൽ ഐഎംഎൻഎസ്ജി എച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാർഥിനി എസ്. കൃഷ്ണവേണിക്കാണ് രണ്ടാംസ്ഥാനം. ഇരുവരും തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിന് യോഗ്യത നേടി.
കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോർപറേഷൻ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്തു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കാരയിൽ സുകുമാരൻ അധ്യക്ഷത വഹിച്ച് വായന സന്ദേശം ചൊല്ലികൊടുത്തു.
ക്വിസ് മത്സരത്തിൽ നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. എട്ടിക്കുളം എംഎഎസ്എസ്ജി എച്ച്എസ് എസ് അധ്യാപകൻ കെ.സി. സതീശനായിരുന്നു ക്വിസ് മാസ്റ്റർ. ഇ.വി.ജി. നമ്പ്യാർ, രമേശൻ കാന, പി. കെ. പ്രേമരാജൻ, പവിത്രൻ കൊതേരി എന്നിവർ പങ്കെടുത്തു.