ജീവനക്കാരെ നിയമിച്ചില്ല; ഹൈടെക് ആട് ഫാം വൈകുന്നു
1575542
Monday, July 14, 2025 1:57 AM IST
ബേഡകം: രണ്ടരക്കോടിയോളം രൂപ ചെലവഴിച്ച് ബേഡഡുക്ക കല്ലളിയില്‍ മൃഗസംരക്ഷണ വകുപ്പ് നിര്‍മിച്ച ഹൈടെക് ആട് ഫാമിന്റെ പ്രവര്‍ത്തനം ഇനിയും ആരംഭിച്ചില്ല. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതാണ് പ്രവര്‍ത്തനം തുടങ്ങാന്‍ തടസമാകുന്നത്. ഓഫീസിന്റെയും ആടുകളെ പാര്‍പ്പിക്കാനുള്ള കൂടുകളുടെയും നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞു. ആടുകളെ വാങ്ങാന്‍ കാസര്‍ഗോഡ് വികസന പാക്കേജില്‍നിന്ന് 29 ലക്ഷത്തോളം രൂപ മാറ്റിവച്ചിരുന്നു. എന്നാല്‍ ഇതുവരെ ആടുകളെ വാങ്ങിയിട്ടില്ല.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആട് ഫാം എന്ന പ്രഖ്യാപനവുമായി 2021ല്‍ നിര്‍മാണം തുടങ്ങിയ ഫാമിനാണ് ദുരവസ്ഥ. ഫാം സൂപ്രണ്ടായി അസി. ഡയറക്ടര്‍, വെറ്ററിനറി ഡോക്ടര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ തുടങ്ങിയ ജീവനക്കാരാണ് ഫാമില്‍ വേണ്ടത്.
ജോലിഭാരം കുറവുള്ള ഓഫീസുകളില്‍നിന്ന് ജീവനക്കാരെ ഇങ്ങോട്ട് പുനര്‍വിന്യസിക്കാനാണ് പദ്ധതി റിപ്പോര്‍ട്ടില്‍ തീരുമാനിച്ചിരുന്നത്. ഇതുപ്രകാരം കാസര്‍ഗോട്ടെ റീജനല്‍ അനിമല്‍ ഹസ്ബൻഡറി സെന്ററിലെ ജീവനക്കാരെ ഫാമിലേക്ക് മാറ്റാന്‍ ജില്ലാ മൃഗസംരക്ഷണവകുപ്പ് ഓഫീസില്‍നിന്ന് സര്‍ക്കാരിന്റെ ശിപാര്‍ശ സമര്‍പ്പിച്ചെങ്കിലും ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് അംഗീകരിച്ച് ഉത്തരവിറക്കിയാല്‍ മാത്രമേ ആടുകളെ വാങ്ങി ഫാം തുടങ്ങാന്‍ സാധിക്കുകയുള്ളൂ.
200 ആടുകളെ പാര്‍പ്പിക്കാനുള്ള കൂടാണ് തയാറായിരിക്കുന്നത്. മറ്റ് അനുബന്ധ സൗകര്യങ്ങളുമുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗിച്ച് ആടുകള്‍ക്ക് ആവശ്യമായ തീറ്റപ്പുല്ലും നട്ടുപിടിപ്പിച്ചു. സര്‍ക്കാര്‍ തീരുമാനം വരുന്നതും കാത്തിരിക്കുകയാണിപ്പോള്‍. മൃഗസംരക്ഷണ വകുപ്പിന്റെ 1.12 കോടി രൂപ ചെലവിലാണ് ഫാമിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് നിര്‍മിച്ചത്. കാസര്‍ഗോഡ് വികസന പാക്കേജില്‍നിന്ന് 1.24 കോടി രൂപ ചെലവഴിച്ച് ആടുകളെ പാര്‍പ്പിക്കാനുള്ള കൂടും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.