കേയാപറമ്പ്-മണ്ഡപപ്പറമ്പ് ബൈപ്പാസ് റോഡ് വികസനം; പ്രദേശവാസികളുടെ യോഗം ചേർന്നു
1575558
Monday, July 14, 2025 1:57 AM IST
ഉളിക്കൽ: സ്ഥല പരിമിതിയും ഗതാഗതക്കുരുക്കും നേരിടുന്ന ഉളിക്കൽ ടൗണിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് മണ്ഡപ്പറമ്പ്-കേയാപറമ്പ് റോഡ് വികസനവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെ യോഗം ചേർന്നു. നെല്ലിക്കാംപൊയിൽ ഭാഗത്തുനിന്ന് ഉളിക്കൽ ടൗണിലെ തിരക്ക് ഒഴിവാക്കി വള്ളിത്തോട്, മാട്ടറ ഭാഗത്തേക്ക് കടന്നുപോകാൻ കഴിയുന്ന റോഡാണിത്. കേയാപറന്പിൽ മലയോര ഹൈവേയുമായും ഇരിട്ടി- ഉളിക്കൽ റോഡുമായും ബന്ധപ്പെടുന്ന പ്രധാന ലിങ്ക് റോഡ് കൂടിയാണിത്.
ഒരു കിലോമീറ്റർ ദൈർഘ്യം വരുന്ന റോഡ് ടാറിംഗ് നടത്തി നിലവാരം മെച്ചപ്പെടുത്തണമെന്ന് യോഗത്തിൽ നിർദേശമുണ്ടായി. ഓവുചാലുകൾ കലുങ്കുകൾ എന്നിവ നിർമിക്കണം. കേയാപറമ്പിൽ ഹൈമാസ്റ്റ്, തെരുവു വിളക്കുകൾ, സൈൻ ബോർഡുകൾ എന്നിവ സ്ഥാപിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. റോഡിന് മൂന്നുലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്കാണ് പഞ്ചായത്ത് അനുമതി നൽകിയത്. കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷംഅനുവദിക്കുന്നതിനുള്ള ശിപാർശ എംഎൽഎയും നൽകിയിട്ടുണ്ട്.
യോഗം സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മണ്ഡപപ്പറമ്പിലും കേയാപറമ്പിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുമെന്നും റോഡ് വിപുലീകരണത്തിന് ഫണ്ട് അനുവദിക്കാൻ സർക്കാരിന് നിവേദനം നൽകുമെന്നും സജീവ് ജോസഫ് എംഎൽഎ യോഗത്തിൽ അറിയിച്ചു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബേബി തോലാനി അധ്യക്ഷനായിരുന്നു. പഞ്ചായത്ത് അംഗം ടോമി ജോസഫ് മൂക്കനോലി, കെ.കെ. സുരേഷ്കുമാർ, കെ.എൻ. ശിവദാസ്, വാർഡ് അംഗം ആയിഷ ഇബ്രാഹിം, പി. പുഷ്പരാജ് എന്നിവർ പ്രസംഗിച്ചു.