പ്രകൃതി സംരക്ഷണ സന്ദേശ മഴയാത്ര നടത്തി
1575551
Monday, July 14, 2025 1:57 AM IST
ചെമ്പേരി: മലയോര വിനോദ സഞ്ചാര കേന്ദ്രമായ പൈതൽമലയിലേക്ക് വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ സന്ദേശ മഴയാത്ര സംഘടിപ്പിച്ചു. പൊട്ടംപ്ലാവ് ടൗണിൽ നിന്നാരംഭിച്ച മഴയാത്ര പൊട്ടംപ്ലാവ് സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. ജിസ് കളപ്പുരയ്ക്കൽ, ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ അനീഷ് ജോസഫ് എന്നിവർ ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ഷീൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
നടുവിൽ പഞ്ചായത്ത് അംഗം അലക്സ് ചുനയമ്മാക്കൽ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടർമാരായ വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് പ്രഫ. ജോമി ജോസ്, മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ്, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജ് അസിസ്റ്റന്റ് പ്രഫ. ദീപു ജോസ്, ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വിനോദ് അഗസ്റ്റിൻ, വൈഎംസിഎ ചെമ്പേരി യൂണിറ്റ് സെക്രട്ടറി റോബി ഇലവുങ്കൽ, ട്രഷറർ സാജു കൊട്ടാരം, സിബി പിണക്കാട്ട് എന്നിവർ നേതൃത്വം നൽകി.
വൈഎംസിഎ കുടുംബാംഗങ്ങളോടൊപ്പം ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി, എൻസിസി കേഡറ്റുകൾ, ശ്രീകണ്ഠപുരം എസ്ഇഎസ് കോളജിൽ നിന്നും നെല്ലിക്കുറ്റി സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ നിന്നുമുള്ള വിദ്യാർഥികളും മഴയാത്രയിൽ പങ്കെടുത്തു. പൈതൽമലയിൽ ഒത്തുചേർന്ന യാത്രാ സംഘം സൂംബാ ഡാൻസ് ഉൾപ്പെടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കഥാകാരനും ശ്രീകണ്ഠപുരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനുമായ അനീഷ് ജോസഫ് പ്രകൃതി സംരക്ഷണ സന്ദേശം നൽകി.
വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്ത്യാ റീജണൽ ചെയർമാൻ പ്രഫ. അലക്സ് തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സബ് റീജണൽ ചെയർമാൻ ബെന്നി ജോൺ, റീജണൽ മുൻ ആക്ടിംഗ് ചെയർമാൻ ജിയോ ജേക്കബ് എന്നിവർ പ്രസംഗിച്ചു.