ലക്ഷ്യബോധത്തോടെ മുന്നേറാൻ സിവിൽ സർവീസ് പരിശീലനം വഴിയൊരുക്കും: ചീഫ് സെക്രട്ടറി
1575003
Saturday, July 12, 2025 2:31 AM IST
കണ്ണൂർ: വിദ്യാർഥികൾക്ക് ലക്ഷ്യബോധത്തോടെ മുന്നേറാൻ സിവിൽ സർവീസ് പരിശീലനം വഴിയൊരുക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്. മുദ്രകിരണം പദ്ധതിയുടെ ഭാഗമായി മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച സിവിൽ സർവീസ് പരീശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി. വിദ്യാർഥികൾ ലക്ഷ്യബോധത്തോടെ മുന്നേറണമെന്നും കുട്ടികളുടെ മുന്നേറ്റത്തിൽ മാതാപിതാക്കൾ പൂർണ പിന്തുണ നൽകണമെന്നും അദേഹം പറഞ്ഞു. 21 ാം വയസിൽ സിവിൽ സർവീസ് പരീക്ഷ എഴുതണം. ആദ്യ ശ്രമത്തിൽ ഐഎഎസ് കരസ്ഥമാക്കണം.
സ്കൂൾ കാലഘട്ടത്തിൽ തുടങ്ങിയാൽ അത് സാധ്യമാക്കാമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഏത് വിഷയം എടുക്കണമെന്ന കാര്യത്തിൽ ധാരണ ഉണ്ടാകണം. ഓരോ ദിവസവും ഉപന്യാസങ്ങൾ എഴുതി പരിശീലിക്കണമെന്നും എല്ലാ ദിവസവും പത്രവും മറ്റ് മാസികകളും വായിക്കണം. സിവിൽ സർവീസിന് ഉപകരിക്കുന്ന പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറികൾ ഉണ്ടാവണം. സിവിൽ സർവീസ് പരിശീലന ക്ലാസുകളിൽ അഭിമുഖത്തിനുള്ള വേദികൾ ഒരുക്കണം.
സിവിൽ സർവീസ് നേടിയവരെ പരിശീലകരാക്കി കൊണ്ടുവരാൻ ശ്രദ്ധിക്കണം. സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ കണ്ടുപഠിക്കുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഭൗതിക സാഹചര്യം മെച്ചപ്പെടുത്തിയ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ രാജ്യത്തിന് തന്നെ മാതൃകയായെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
കേരള സിവിൽ സർവീസ് അക്കാദമിയും മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുദ്രാ പദ്ധതിയും ചേർന്നാണ് സിവിൽ സർവീസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. മുദ്രാ വിദ്യാഭ്യാസ സമിതി ചെയർമാൻ മുൻ എംപി കെ.കെ. രാഗേഷ്അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി സംസാരിച്ചു. ജില്ലാ കളക്ടർ അരുൺ കെ. വിജയൻ, ഡിഐജി ജി.എച്ച്. യതീഷ് ചന്ദ്ര, സിസിഎഫ് ബി.എൻ. അൻജൻകുമാർ, സിറ്റി ജില്ലാ പോലീസ് മേധാവി സി.നിധിൻരാജ്, തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, അസി. കളക്ടർ എഹ്തെദ മുഫസീർ, കണ്ണൂർ ഡിഎഫ്ഒ വൈശാഖ് ശശികുമാർ എന്നിവർ വിദ്യാർഥികൾക്ക് ലഘു പരിശീലനം നൽകി.