നായനാർമല ക്വാറി വിരുദ്ധ സമിതി ബഹുജന ധർണ ഇന്ന്
1575553
Monday, July 14, 2025 1:57 AM IST
ചെമ്പന്തൊട്ടി: ശ്രീകണ്ഠപുരം നഗരസഭാ പരിധിയിൽ എക്സ്പ്ലോസീവ് മാഗസിൻ സ്ഥാപിക്കാൻ അനുമതി നൽകാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും ചെമ്പന്തൊട്ടി നായനാർമലയിൽ പുതുതായി തുടങ്ങാൻ ശ്രമങ്ങൾ നടത്തിവരുന്ന ക്വാറിക്ക് അനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് നായനാർമല ക്വാറി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 മുതൽ ശ്രീകണ്ഠപുരം നഗരസഭ ഓഫീസിനു മുന്നിൽ ബഹുജന ധർണ നടത്തും.
ബഹുജന ധർണയുമായി ബന്ധപ്പെട്ട് ചെന്പന്തൊട്ടി സെന്റ് ജോർജ് ഫൊറോന പാരിഷ് ഹാളിൽ ചേർന്ന ക്വാറി വിരുദ്ധ സമിതി യോഗം ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ ഉദ്ഘാടനം ചെയ്തു. നായനാർമല ക്വാറി വിരുദ്ധ സമിതി ഭാരവാഹികളായ കെ.സി. ജോസഫ്, കെ.ജെ. ചാക്കോ, കെ.എം. ഷംസീർ, ഷിനോ പാറയ്ക്കൽ, വർഗീസ് നെടിയകാലായിൽ, തോമസ് കുര്യൻ, രാജു വയലിൽ, സോയി ജോസഫ്, ജോയി നെയ്മണ്ണിൽ, വിനോദ് പുത്തൻപുര, ജോസ് പാറയിൽ, ജഫി കാക്കല്ലിൽ എന്നിവർ പ്രസംഗിച്ചു.
നിലവിൽ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടുള്ള ചെമ്പന്തൊട്ടി നായനാർമലയിൽ തന്നെ പുതിയ ക്വാറി തുടങ്ങാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് കേരള കോൺഗ്രസ് നേതാവ് വർഗീസ് വയലാമണ്ണിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ ശ്രീകണ്ഠപുരം നഗരസഭയിലെ ഒന്നുമുതൽ അഞ്ചുവരെ വാർഡുകളിലെ ജനങ്ങളെ ഒന്നടങ്കം അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് കേരള കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.