മാഹി റെയിൽവേ സ്റ്റേഷനിൽ ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ കാലൊടിയും !
1575548
Monday, July 14, 2025 1:57 AM IST
മാഹി: "കുഴികളുണ്ട്, മാഹി റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിലെത്തുന്ന യാത്രക്കാർ ശ്രദ്ധിച്ച് നടന്നില്ലെങ്കിൽ കാലൊടിയും' എന്ന അറിയിപ്പ് ഒരു പക്ഷേ റെയിൽവേ സ്റ്റേഷനിൽ നിന്നു തന്നെ ഉണ്ടായാൽ അദ്ഭുതപ്പെടേണ്ടതില്ല.
രണ്ടാം പ്ലാറ്റ്ഫോമിൽ യാത്രക്കാരെ വീഴ്ത്താനായി അഞ്ചു കുഴികളാണ് മൂടാതെ കിടക്കുന്നത്. റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി രണ്ടാം പ്ലാറ്റ് ഫോം നീളം കൂട്ടിയ ഭാഗത്താണ് ഒരു മീറ്ററോളം ആഴമുള്ള കുഴികളുള്ളത്.
നീളം കൂട്ടിയ പ്ലാറ്റ് ഫോമിന് മേൽക്കൂര സ്ഥാപിക്കാൻ ഇരുന്പ് തൂണുകൾ സ്ഥാപിക്കാൻ തയാറാക്കിയ സ്ഥലങ്ങളിലാണ് കുഴികളെടുത്തിരിക്കുന്നത്. തൂണുകളോട് ചേർന്ന് പൈപ്പുകളിട്ട് മേൽക്കൂരയിലെ മഴവെള്ളം ഒഴുക്കി വിടാനുള്ള സംവിധാനത്തിന്റെ ഭാഗമാണിത്. പ്ലാറ്റ് ഫോം ഗ്രാനൈറ്റ് പാളികൾ സ്ഥാപിച്ച് മിനുക്കിയെങ്കിലും കുഴികൾ താത്കാലികമായി മൂടാൻ നടപടിയില്ലാത്തതാണ് യാത്രക്കാരെ കുഴിയിലാക്കുന്നത്. ഗ്രാനൈറ്റുകൾ പാകി നവീകരിച്ച പ്ലാറ്റ് ഫോമിലെ കുഴികൾ നടന്നു പോകുന്നവരുടെ ശ്രദ്ധയിൽ പെടാത്ത അവസ്ഥയാണ്. ഇതോടൊപ്പം തന്നെ കൂറ്റൻ ഇരുന്പ് തൂണുകൾ സ്ഥാപിക്കുന്നതിനായി തയാറാക്കിയ നട്ടും ബോൾട്ടും ചേർന്നുള്ള സംവിധാനം കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചിട്ടുണ്ട്.
ഇതിൽ തട്ടിയും യാത്രക്കാർ വീഴുന്നത് പതിവാണ്. പ്ലാറ്റ് ഫോം നീട്ടിയെങ്കിലും ഈ ഭാഗത്ത് ലൈറ്റുകൾ സ്ഥാപിക്കാത്തതും രാത്രിയിൽ വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്. നിരവധി പേർക്ക് കുഴിയിൽ വീണ് പരിക്കേറ്റതിനെ തുടർന്ന് ഗ്രാനൈറ്റ് സ്ലാബുകൾ വച്ച് ചില കുഴികൾ മൂടിയിരുന്നെങ്കിലും ഇതു തകർന്നും യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരെ അപകടത്തിലാക്കുന്ന കുഴികൾ കോൺക്രീറ്റ് സ്ലാബിട്ട് മൂടണമെന്ന ആവശ്യം ശക്തമാണ്.