ലഹരിക്കെതിരെ പൊരുതാൻ നാടൊന്നാകെ ഒത്തുചേർന്നു
1575445
Sunday, July 13, 2025 8:55 AM IST
ചന്ദനക്കാംപാറ: നാടിനും സമൂഹത്തിനാകെയും വൻ ഭീഷണിയായി മാറുന്ന ലഹരിക്കും മയക്കുമരുന്നിനുമെതിരെ ഒരു നാട് ഒന്നിച്ച് പോരാട്ടത്തിനിറങ്ങുന്നു. ലഹരിക്കെതിരെ സമൂഹത്തിലെ എല്ലാവരെയും ഉൾപ്പടുത്തി നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തീരുമാനിക്കാനായി ചന്ദനക്കാംപാറ ചെറുപുഷ്പ പള്ളി ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ ഉദ്ഘാടനം ചെയ്തു. ചന്ദനക്കാംപാറ ഇടവക വികാരി ഫാ. ജോസഫ് ചാത്തനാട്ട് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത-സാമൂഹിക സംഘടനകൾ, വിവിധ സ്ഥാപന മേധാവികൾ, ഓട്ടോ-ടാക്സി തൊഴിലാളികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം പി.ആർ. രാഘവൻ, ചന്ദനക്കാംപാറ ചെറുപുഷ്പ സ്കൂളുകളുടെ മുഖ്യാധ്യാപകരായ മഞ്ജു ജയിംസ്, വിജി മാത്യു, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചന്ദനക്കാംപാറ യൂണിറ്റ് പ്രസിഡന്റ് ജോസ് തുരുത്തിയിൽ, ഇടവക കോ-ഓർഡിനേറ്റർ തങ്കച്ചൻ വടക്കേക്കര എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ പതിനാറംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. തുടർന്നുള്ളപ്രവർത്തനങ്ങൾ സംബന്ധിച്ച വിശദീകരണത്തിനായി അടുത്ത യോഗം ഉടൻ തന്നെ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.