ചെറുവാഞ്ചേരി സ്വദേശിക്ക് മൈക്രോസോഫ്റ്റ് പുരസ്കാരം
1575546
Monday, July 14, 2025 1:57 AM IST
കൂത്തുപറമ്പ്: മൈക്രോസോഫ്റ്റ് മോസ്റ്റ് വാല്യുവബിൾ പ്രഫഷണൽ അവാർഡ് കൂത്തുപറന്പ് ചെറുവാഞ്ചേരി സ്വദേശി സുജിൻ നെല്ലാടത്തിന്. സാങ്കേതിക വൈദഗ്ധ്യവും അറിവും മറ്റുള്ളവർക്കു പങ്കിടാൻ തയാറാകുന്ന സാങ്കേതിക വിദഗ്ധർക്കായി മൈക്രോസോഫ്റ്റ് നൽകുന്ന അംഗീകാരമാണിത്.
മൈക്രോസോഫ്റ്റ് എപിഐ ഡവലപ്പർ പ്ലാറ്റ്ഫോമായ മൈക്രോസോഫ്റ്റ് ഗ്രാഫ് വിഭാഗത്തിലാണ് സുജിൻ പുരസ്കാരത്തിന് അർഹമായത്. ഈ വിഭാഗത്തിൽ ഈ വർഷം അവാർഡ് നേടുന്ന ഏക ഇന്ത്യക്കാരനാണ് മുപ്പത്തിയൊന്നുകാരനായ സുജിൻ. 2013 ൽ കണ്ണൂർ പോളിടെക്നിക് കോളജിൽനിന്ന് ഇലക്ട്രോണിക് എൻജിനിയറിംഗ് കഴിഞ്ഞ സുജിൻ എച്ച്സിഎല്ലിൽ ഡെസ്കോപ് എൻജിനിയറായാണ് ജോലി ആരംഭിച്ചത്.
തുടർന്ന് ഐടിസി ഇൻഫോടെക്, അറ്റോസ് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചു. ഇപ്പോൾ അമേരിക്കൻ ഐടി കമ്പനിയായ സിഎസ്ജി ഇന്റർ നാഷണൽ ഡെവോപ്സ് എൻജിനിയറാണ്. എൻ. സഹദേവൻ -എൻ. പദ്മിനി ദമ്പതികളുടെ മകനാണ്. അഞ്ജന കൃഷ്ണയാണു ഭാര്യ. മകൻ: നീൽ മൽഹാർ.