യുവജനങ്ങൾ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായി മാറണം: ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി
1575455
Sunday, July 13, 2025 8:55 AM IST
ആലക്കോട്: ജനാധിപത്യ രാജ്യത്ത് ജീവിക്കുന്പോൾ രാഷ്ട്രീയത്തെ വിലയില്ലാത്ത എടുക്കാചരക്കായി കാണുന്ന സംസ്കാരം മാറ്റി രാഷ്ട്രനിർമാണത്തിൽ സംഭാവന നൽകാൻ യുവജനങ്ങൾക്ക് കഴിയണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി.
കെസിവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ "നമ്മൾ' എന്ന പേരിൽ ആലക്കോട് നടത്തിയ യുവജന സംഗമവും മഹാറാലിയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്. തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭ ,നിയമസഭ തെരഞ്ഞെടുപ്പ് പ്രക്രിയയിലും യുവജനങ്ങൾ സജീവമായി പങ്കെടുക്കണം.
നമ്മുടെ അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കാനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും വർഗീയതയുടെ കാർമേഘം രാജ്യത്തെ വിഴുങ്ങാതിരിക്കാനും യുവജനങ്ങൾക്ക് രാഷ്ട്രബോധവും രാഷ്ട്രീയ ബോധവും ഉണ്ടാകണമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കെസിവൈഎം തലശേരി അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ജോൺ ബ്രിട്ടാസ് എംപി മുഖ്യപ്രഭാഷണം നടത്തി.
സജീവ് ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്നു. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, കെസിവൈഎം തലശേരി അതിരൂപത ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, ആലക്കോട് ഫൊറോന വികാരി ഫാ. ആന്റണി പുന്നൂര്, സിസ്റ്റർ ജോസ്ന എസ്എച്ച്, ഗ്ലോറിയ കൂനാനിക്കൽ എന്നിവർ പ്രസംഗിച്ചു. ആലക്കോട്, മേരിഗിരി, ചെറുപുഴ, വായാട്ടുപറമ്പ് ഫൊറോനകളുടെ സംയുക്താഭിമുഖ്യത്തിൽ അരങ്ങം ക്ഷേത്ര പരിസരത്ത് നിന്ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന പള്ളി വരെ നടന്ന യുവജനറാലിയിൽ ആയിരത്തിലധികം പേർ പങ്കെടുത്തു.
വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങളെ ചടങ്ങിൽ ആദരിച്ചു. മികച്ച യുവജന പ്രവർത്തകനുള്ള ജോൺസൺ ജെ. ഓടയ്ക്കൽ മെമ്മോറിയൽ അവാർഡ് അമ്മംകുളം ഇടവകാംഗം അമൽ ജോയി കൊന്നയ്ക്കലിനും മോൺ മാത്യു എം. ചാലിൽ എഡ്യുക്കേഷണൽ എക്സലൻസ് അവാർഡ് ചട്ടമല ഇടവകാംഗം ജെസ്വിൻ ജോസ് മൂലയിലിനും യുവകർഷക അവാർഡ് ആൽബിൻ പാലനിൽക്കും തൊട്ടിയിലിനും സമ്മാനിച്ചു.
കെസിവൈഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വിപിൻ ജോസഫിനെ അനുമോദിച്ചു. എമിൽ നെല്ലംകുഴി, ബിബിൻ പി.വിൽസൺ, റോസ് തോട്ടത്തിൽ,അഖിൽ നെല്ലിക്കൽ, അപർണ്ണ സോണി, സോന ചിറയിൽ, പി.ജെ. ജോയൽ എന്നിവർ നേതൃത്വം നൽകി.
യുവജനങ്ങൾ അരാഷ്ട്രീയ പാതയിലേക്ക് പോകരുത്: ജോൺ ബ്രിട്ടാസ്
ആലക്കോട്: അരാഷ്ട്രീയത്തിന്റെ പാതയിലേക്ക് പോകാതെ യുവജനങ്ങൾ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഭാഗമായി മാറണമെന്ന് ജോൺ ബ്രിട്ടാസ് എംപി. കെസിവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ ആലക്കോട് നടന്ന യുവജന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നമ്മുടെ ചുറ്റുമുള്ള സമർപ്പിത ബോധമുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിൽനിന്ന് മാറിനിന്നാൽ സാമൂഹിക വിരുദ്ധരും സഭാവിരുദ്ധരും കടന്നുവരും. അത്തരം അവസ്ഥ ജനാധിപത്യത്തെ മലീമസമാക്കുമെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.