കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ചോര്‍ച്ച: ഗ്രീന്‍വുഡ് കോളജിന്റെ അഫിലിയേഷന് റദ്ദാക്കും
1548247
Tuesday, May 6, 2025 2:28 AM IST
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല അവസാന സെമസ്റ്റര്‍ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങള്‍ പ്രിൻസിപ്പൽ ചേർത്തിക്കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിന്റെ അഫിലിയേഷൻ അനിശ്ചിതകാലത്തേക്ക് റദ്ദാക്കാന്‍ ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു.
കോളജിന് ഒന്നര ലക്ഷം രൂപ പിഴയും ചുമത്തി. ചോദ്യപേപ്പര്‍ ചോര്‍ത്തിയ പ്രിന്‍സിപ്പലിനെ പരീക്ഷ ചുമതലയില്‍ നിന്ന് ഒഴിവാക്കാനും സിന്‍ഡിക്കേറ്റ് യോഗത്തില്‍ തീരുമാനമായി. ചോദ്യപേപ്പര്‍ ചോര്‍ന്ന പരീക്ഷകള്‍ വീണ്ടും നടത്തും.
പ്രിന്‍സിപ്പലിന്റെ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന് സിന്‍ഡിക്കേറ്റ് അംഗീകാരം നല്കി. സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് തീരുമാനം. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. അജീഷിനെ കോളജ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒമ്പത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട വാട്സ് ആപ്പ് ഗ്രൂപ്പില്‍ പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പാണ് പ്രിന്‍സിപ്പല്‍ ചോദ്യങ്ങള്‍ അയച്ചത്. ചോദ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സിന്‍ഡിക്കേറ്റ് സമിതി വിസിക്ക് റിപ്പോര്‍ട്ട് കൈകമാറുകയും അജീഷിനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ രണ്ടുവരെയായിരുന്നു പരീക്ഷ. ഏപ്രില്‍ രണ്ടിന് നടന്ന അവസാന പരീക്ഷയില്‍ സര്‍വകലാശാല സക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യങ്ങള്‍ ചോര്‍ത്തിയത് കണ്ടെത്തിയത്. സര്‍വകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയതെന്ന് കണ്ടെത്തിയത്.