സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഒളിവിൽ; കോൺഗ്രസ് നേതാവ് അറസ്റ്റിൽ
1548245
Tuesday, May 6, 2025 2:28 AM IST
ഇരിട്ടി: സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സർവീസ് സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ശാഖയിൽ പണയ സ്വർണത്തിന് പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ സഹായിച്ച കൂട്ടുപ്രതി അറസ്റ്റിൽ. മുഖ്യപ്രതിയും ബാങ്കിലെ കാഷ്യറും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സുധീർ തോമസി (51) ന്റെ സുഹൃത്ത് സുനീഷ് തോമസ് (32) ആണ് അറസ്റ്റിലായത്. ഇയാൾ കച്ചേരിക്കടവ് കോൺഗ്രസ് ബൂത്ത് പ്രസിഡന്റും യൂത്ത് കോൺഗ്രസ് അയ്യൻകുന്ന് മണ്ഡലം വൈസ് പ്രസിഡന്റുമാണ്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കച്ചേരിക്കടവ് ബ്രാഞ്ച് മാനേജർ വിനോദിനെ ഭരണസമിതി സസ്പെൻഡ് ചെയ്തു.
സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച 18 പായ്ക്കറ്റ് പണയ സ്വർണ ഉരുപ്പടികൾ എടുത്ത് മാറ്റി മുഖ്യപ്രതി സുധീർ തോമസ് മുക്കുപണ്ടം വച്ചതിൽ കൂടുതലും സുനീഷ് തന്നെ പണയം വച്ചവയാണ്. അതുകൊണ്ടുതന്നെ ഇരുവരും ആസൂത്രിതമായി നടപ്പാക്കിയ പദ്ധതിയാണിതെന്നാണ് പ്രാഥമിക നിഗമനം. സ്വർണം മാറ്റി മുക്കുപണ്ടം വയ്ക്കുന്നതിൽ മുഖ്യപ്രതിക്ക് സഹായം എത്തിച്ചു നല്കിയത് കൂട്ടുപ്രതി ആണെന്നാണ് പോലീസ് പറയുന്നത്. തട്ടിപ്പിന്റെ സൂത്രധാരൻ ഒളിവിലായതുകൊണ്ട് കേസിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അത് കേസന്വേഷണത്തെ ബാധിക്കുമെന്നും ഇരിട്ടി എസ്എച്ച്ഒ എ. കുട്ടികൃഷ്ണൻ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ സുനീഷിനെ റിമാൻഡ് ചെയ്തു. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷിച്ചു വരികയാണ്. അതിനിടെ ഒളിവിൽ പോയ സുധീർ തോമസിനായി പോലീസ് അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചു. പ്രതി ബംഗളൂരുവിലേക്ക് കടന്നതായാണ് വിവരം. വെള്ളിയാഴ്ച രാവിലെ ബാങ്കിന് മുന്നിൽ താക്കോലുകൾ അടങ്ങിയ ബാഗ് കൊണ്ടുവച്ച് ഇയാൾ ഇരുചക്രവാഹനത്തിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വാഹനം പിന്നീട് വള്ളിത്തോട്ടിൽ കണ്ടെത്തി.
ബാങ്കിൽ സ്വർണം പണയം വച്ചയാൾ കഴിഞ്ഞ ദിവസം ഉരുപ്പടി തിരികെ എടുക്കാൻ എത്തിയപ്പോൾ കാഷ്യർ ആദ്യദിവസം തൂക്കം നോക്കിയ ത്രാസ് പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു. പിന്നീട് പണയംവച്ച അത്രയും സ്വർണം ഇയാൾ ഇരിട്ടിയിലെ ഒരു ജ്വല്ലറിയിൽനിന്ന് വാങ്ങി ബാങ്കിൽ തിരികെ വച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു.
പിടിക്കപ്പെടുമെന്നുറപ്പായതോടെയാണ് സുധീർ തോമസ് മുങ്ങിയതെന്ന് സംശയിക്കുന്നു. ഏപ്രിൽ 24നും മേയ് അഞ്ചിനുമിടയിലാണ് സ്ട്രോംഗ് റൂമിൽ സൂക്ഷിച്ച പണയപണ്ടങ്ങൾ മാറ്റി മുക്കുപണ്ടം വച്ചത്. കൂടാതെ മുഖ്യപ്രതിയുടെ ഭാര്യയുടെ പേരിൽ പണയംവച്ച സ്വർണാ ഭരണങ്ങൾ കവർന്നതായും ബാങ്ക് അധികൃതർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ 60 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് ബാങ്കിന്റെ പരാതി.
സമഗ്ര അന്വേഷണം
വേണമെന്ന് കോൺഗ്രസ്
ഇരിട്ടി: ആനപ്പന്തി സഹകരണ ബാങ്കിന്റെ കച്ചേരിക്കടവ് ബ്രാഞ്ചിൽ നടന്ന തിരിമറി അടക്കം ഇപ്പോൾ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായ വകുപ്പുതല അന്വേഷണം നടത്തി ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കോൺഗ്രസ് കരിക്കോട്ട ക്കരി മണ്ഡലം പ്രസിഡന്റ് മനോജ് എം. കണ്ടത്തിൽ ആവശ്യപ്പെട്ടു. യുഡിഎഫ് നേതൃത്വത്തിൽ ദീർഘകാലം മികച്ച പ്രവർത്തനങ്ങൾ നടത്തിയ ഈ സ്ഥാപനം 2023 ൽ ആക്രമണത്തിലൂടെ എൽഡിഎഫ് പിടിച്ചെടുത്തശേഷം നടന്നിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.