മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
1548255
Tuesday, May 6, 2025 2:28 AM IST
പാപ്പിനിശേരി: ഉറക്കഗുളികകൾ, വേദന സംഹാരികൾ എന്നിവ ലഹരിക്കായി ദുരുപയോഗം ചെയ്ത് വിൽക്കുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പുതിയങ്ങാടി ഷാദുലി പള്ളിക്ക് സമീപത്തെ പി.ഫിറാഷിനെ (33)യാണ് എക്സൈസ് ഇൻസ്പെക്ടർ പി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉറക്കഗുളികയായ നിട്രോസൺ-10, വേദനാ സംഹാരിയായ ട്രമോഡോൾ -99 എന്നിവയുടെ ശേഖരവുമായാണ് ഇയാളെ പാപ്പിനിശേരി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
ഡോക്ടർമാരുടെ കുറിപ്പടിയോടെ മാത്രം മെഡിക്കൽ ഷോപ്പുകളിൽ നിന്ന് ലഭിക്കുന്ന ഗുളികകളാണിവ. ഡോക്ടർമാരുടെ കുറിപ്പടി കൃത്രിമമായി ഉണ്ടാക്കി മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വാങ്ങി ലഹരി ഉപയോഗിക്കുന്നവർക്ക് വിൽക്കുകയായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരുന്നതിനിടെയാണ് പിടിയിലാകുന്നത്.
പാപ്പിനിശേരി, മാട്ടൂൽ, പുതിയങ്ങാടി, മാടായി, പയ്യന്നൂർ എന്നിവിടങ്ങളിൽ സ്കൂൾ, കോളജ് കുട്ടികളെ കേന്ദ്രീകരിച്ചാണ് വില്പനെയെന്ന് കണ്ടെത്തിയിട്ടുണ്ട്. ഓരോയിടങ്ങളിലും ഏജന്റുമാരെ നിയോഗിച്ചും സോഷ്യൽ മീഡിയ വഴിയുമായിരുന്നു ആവശ്യക്കാരെ കണ്ടെത്തിയിരുന്നത്. ഫിറാഷ് പിടിയിലായത് അറിയാതെ നിരവധിപേർ ഗുളികകൾക്കായി ഇയാളുടെ ഫോണിൽ വിളിച്ചിരുന്നു.
ഈ കോളുകൾ കേന്ദ്രീകരിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് എം.പി. സർവജ്ഞൻ, കെ.രാജീവൻ, പ്രിവന്റീവ് ഓഫിസർ ഗ്രേഡ് വി.പി.ശ്രീകുമാർ പി.പി.രജിരാഗ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സനീബ്, കെ.അമൽ എന്നിവരും പ്രതിയെ പിടികൂടുന്ന സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.