കണ്ണൂർ യൂണിവേഴ്സിറ്റിയിലെ ഫാക്കല്‍റ്റി ഡീന്മാരുടെ നിയമനം; പ്രതിഷേധം ശക്തം
1548246
Tuesday, May 6, 2025 2:28 AM IST
കണ്ണൂര്‍: കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ചട്ടങ്ങൾക്ക് വിരുദ്ധമായി ഫാക്കല്‍റ്റി ഡീന്മാരെ നിയമിച്ചതുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം. അധ്യാപകരും വിദ്യാർഥികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. നിയമനവുമായി ബന്ധപ്പെട്ട പ്രതിഷേധം ഡിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രമേയമായി അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.
കണ്ണൂര്‍ യൂണിവേഴ്സിറ്റി ആക്ട് 1996 പ്രകാരം റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സര്‍വകലാശാലയിലെ വകുപ്പ് തലവന്മാരില് നിന്നോ പ്രഫസര്‍മാരില്‍ നിന്നോ അല്ലെങ്കില്‍ വിദഗ്ധരായവരില്‍ നിന്നോ ആയിരിക്കണം നോമിനേഷനെന്ന് പറയുന്നുണ്ടെങ്കിലും ഒരാളെ പോലും സര്‍വകലാശാലയില്‍ നിന്ന് പരിഗണിക്കാതെയാണ് സര്‍വകലാശാലയ്ക്ക് പുറമേനിന്നുള്ള പത്ത് പേരെ ഫാക്കല്‍റ്റി ഡീന്‍മാരായി നിയോഗിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. ഡോ. പി. രമേശന് (ഐഐഎം കോഴിക്കോട്), ഡോ. മനു(കേന്ദ്ര സര്‍വകലാശാല കാസർഗോഡ്), ഡോ.കെ.ഗിരീഷ് കുമാര്‍ (കുസാറ്റ്), ഡോ. കെ.ശിവരാമ റാവു (കേന്ദ്ര സര്‍വകലാശാല ഹിമാചല്‍ പ്രദേശ്), ഡോ. ടി.വി. മണികണ്ഠന് (ഡല്‍ഹി സര്‍വകലാശാല), ഡോ.എന്‍. സന്തോഷ് ഗൗഡ (ബംഗളൂരു സര്‍വകലാശാല), ഡോ.എം. ഭാസി (കുസാറ്റ്), ഡോ. ശ്രീകല എടന്നൂര്‍ (പോണ്ടിച്ചേരി സർകലാശാല), ഡോ. എം.ബി സന്തോഷ് കുമാര്‍ (കുസാറ്റ്), ഡോ.ജി. കിഷോര്‍ (പ്രിന്‍സിപ്പല്‍, സായി തിരുവന്തപുരം) എന്നിവരെയാണ് നിയമിച്ചത്.