തൂക്കുവേലി നിർമാണത്തിനെതിരേ പ്രതിഷേധം
1548252
Tuesday, May 6, 2025 2:28 AM IST
കാർത്തികപുരം: ഉദയഗിരി ഗ്രാമപഞ്ചായത്തിൽ മുട്ടത്താംവയൽ മുതൽ അരിവിളഞ്ഞപൊയിൽ വരെയുള്ള വനാതിർത്തിയിൽ തൂക്കുവേലി നിർമിക്കുന്ന പ്രവൃത്തിക്കെതിരേ പ്രതിഷേധം ശക്തമാകുന്നു.
ത്രിതല പഞ്ചായത്തുകളുടെയും എംഎൽഎയുടെയും ഫണ്ടിൽ നിന്ന് ഒരു കോടിയിൽപരം രൂപ മുടക്കി തൂക്കു വേലി നിർമിക്കുന്ന പ്രവൃത്തിക്കെതിരേയാണ് പ്രതിഷേധം. ആർക്കും ഉപകാരമില്ലാത്ത രീതിയിലാണ് പണി നടത്തുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ഒരു വർഷം മുമ്പ് പ്രദേശവാസികളുടെ സഹകരണത്തോടെ 5 മീറ്റർ വീതിയിൽ കാട് തെളിച്ചു നൽകിയിരുന്നു. ഇപ്പോൾ കാട് വെട്ടി തെളിക്കാതയാണ് ഫെൻസിംഗ് എന്നാണ് ആരോപണം.
പ്രദേശവാസികളുടെ കായ്ഫലമുള്ള തെങ്ങുകളും, നട്ടുവളർത്തിയ തേക്കു മരങ്ങളും മുറിക്കുന്നതായും പരാതിയുണ്ട്. പ്രദേശവാസികളെ അറിയിക്കുക പോലും ചെയ്യാതേയാണ് പണികൾ നടത്തുന്നത് എന്ന് ആക്ഷേപമുണ്ട്. ചില സ്ഥലങ്ങളിൽ തൂക്കു വേലിക്ക് പകരം കേബിൾ ഇട്ടിരിക്കുന്നതായും ആരോപണമുണ്ട്.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പരിശോധനയും നിരീക്ഷണവും നടക്കുന്ന സ്ഥലത്താണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. ഭരണസമിതി യോഗത്തിൽ വാർഡ് മെംബറെ ഇക്കാര്യം അവതരിപ്പിക്കാൻ അനുവദിക്കുന്നില്ലെന്നും, വണ്ടിവന്നാൽ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു.