ആറളം ഫാമിലെ മരംമുറി: വിവരശേഖരണം നടത്തി
1461628
Wednesday, October 16, 2024 7:48 AM IST
ഇരിട്ടി: ആറളം ഫാം ബ്ലോക്ക് അഞ്ചിൽ പാഴ്മരങ്ങൾ മുറിച്ചു മാറ്റുന്നതിന്റെ മറവിൽ സംരക്ഷിത മരങ്ങൾ മുറിച്ച സംഭവത്തിൽ ഫാം മാനേജിംഗ് ഡയറക്ടറായ തലശേരി സബ് കളക്ടർ കാർത്തിക് പാണിഗ്രാഫി ഫാം ഓഫീസിലെത്തി വിവരശേഖരണം നടത്തി.
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായാണ് ഫാം എംഡി വിവരശേഖരം നടത്തിയത്. ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, സൂപ്രണ്ട്, സെക്യൂരിറ്റി ജീവനക്കാർ, തൊഴിലാളികൾ എന്നിവരിൽ നിന്ന് വിവരങ്ങൾ ആരായുകയും ഫലയുകൾ പരിശോധിക്കുകയും ചെയ്തു. വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് തയാറാക്കി കളക്ടർക്ക് സമർപ്പിക്കും. മരംമുറി സംഭവത്തിൽ നേരത്തേ എംഡി നൽകിയ പരാതിയിൽ ആറളം പോലീസ് കേസ് എടുത്തിരുന്നു. നിയമോപദേശം ലഭിച്ചതനുസരിച്ച് വനം വകുപ്പും കേസ് എടുത്തിട്ടുണ്ട്. രണ്ട് അന്വേഷണവും പുരോഗമിക്കുകയാണ്. ഒരേ കേസ് രണ്ട് ഏജൻസി അന്വേഷിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ എന്ന നിയമോപദേശം ലഭിച്ച ശേഷം അന്വേഷണം ഒരു ഏജൻസിയിലേക്ക് മറ്റുമെന്നാണ് സൂചന.
കൊട്ടിയൂർ റേഞ്ചർ പി. പ്രസാദ്, കീഴ്പള്ളി സെക്ഷൻ ഫോറസ്റ്റർ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 53 സംരക്ഷിത മരങ്ങൾ മുറിച്ചതായി കണ്ടെത്തുകയും ചടച്ചിൽ മരത്തിന്റെ 23 കഷ്ണങ്ങളും ഇരൂൾ മരത്തിന്റെ മൂന്നു കഷ്ണങ്ങളഉം കണ്ടെത്തി കസ്റ്റഡിയിലെടുത്തിരുന്നു.ബ്ലോക്ക് അഞ്ചിൽ പുന:കൃഷിയുടെ ഭാഗമായി 200 ഏക്കറിലെ കശുമാവ്, പാഴ്മരങ്ങൾ, ആഞ്ഞിലി, പ്ലാവ് എന്നിവ മുറിക്കാൻ നൽകിയ കരാറിന്റെ മറവിലായിരുന്നു സംരക്ഷിത മരങ്ങൾ ഉൾപ്പെടെയുള്ളവ മുറിച്ചത്.